ആംബുലന്‍സ് വളയം പിടിയ്ക്കാൻ ഇനി സ്ത്രീകളും, ആദ്യ ഡ്രൈവറായി കോട്ടയം സ്വദേശിനി ദീപമോള്‍
ഇന്ന് സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ വളരെ വിരളമാണ്. ഒരുകാലത്ത് പുരുഷന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് കരുതിയിരുന്ന പല മേഖലകളും ഇന്ന് സ്ത്രീ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ഇപ്പോഴിതാ ട്രാവലർ ആംബുലൻസ് ഓടിക്കുന്ന കേരളത്തിലെ ആദ്യ വനിതയാകുകയാണ് കോട്ടയം മേമുറി സ്വദേശിനി ദീപമോള്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാളെ മുതൽ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ ഡ്രൈവറായി ദീപമോൾ ചുമതയേൽക്കും. നാളെ രാവിലെ 10.45ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. ഇതോടെ കേരളത്തിലെ സര്‍ക്കാര്‍ ആംബുലന്‍സ് ഓടിക്കുന്ന ആദ്യ വനിതാ എന്ന ബഹുമതിമയും ദീപയെത്തേടിയെത്തും.
കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപ. ഏതൊരു തൊഴിലും ചെയ്യുന്നതിനുള്ള മനോധൈര്യം സ്ത്രീകൾക്ക് ഉണ്ടാകണം. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം നിലയിൽ ജീവിക്കാനുള്ള സാമ്പത്തീക ഭദ്രത സ്ത്രീകൾ ഉണ്ടാക്കിയെടുക്കണം. സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവരല്ല, നമുക്ക് അറിയാവുന്ന തൊഴിൽ അത് എന്തുമാകട്ടെ അതുമായി മുന്നോട്ട് വരണമെന്നും ദീപമോൾ പറഞ്ഞു.
അതേസമയം ദീപമോളെ പോലുള്ള സ്ത്രീകളുടെ മുന്നോട്ടുള്ള കടന്നുവരവ് മറ്റ് ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അതിന് പുറമെ ദീപമോളുടെ ആതുരസേവനത്തിനോടുള്ള താത്പര്യവും അഭിനന്ദനാർഹമാണ്. ഈ താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം സർക്കാർ ഒരുക്കി നല്‍കുകയായിരുന്നു. അതേസമയം നാളെ മുതൽ ആംബുലൻസ് ഡ്രൈവറായി സേവനം അനുഷ്ഠിക്കാൻ ഒരുങ്ങുന്ന ദീപമോൾക്ക് അഭിനന്ദനങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്.
യാത്രകളോടുള്ള സ്നേഹമാണ് ദീപയെ ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചത്. ഡ്രൈവിങ് സ്കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ സേവനമനുഷ്ടിച്ചിട്ടുള്ളതാണ് ദീപ. ഭർത്താവിന്റെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഡ്രൈവിങ് മേഖലയിൽ തുടരാൻ ദീപ തീരുമാനിച്ചത്.
Story highlights: Deepa- Kerala’s first woman 108 emergency ambulance driver