അന്ന് ലോക്ക്ഡൗണിൽ മകനെ വീട്ടിലെത്തിക്കാൻ 1400 കിലോമീറ്റർ സ്കൂട്ടറോടിച്ച ‘അമ്മ, ഇന്ന് യുക്രൈനിൽ കുടുങ്ങിയ മകനെ നാട്ടിലെത്തിക്കാനുള്ള പോരാട്ടത്തിൽ…

March 7, 2022

ലോകം മുഴുവൻ യുക്രൈനിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്…യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഉർജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവിടെ പലയിടങ്ങളിലായി നിരവധി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കുടുങ്ങിക്കിടപ്പുണ്ട്. അവരിൽ ഒരാൾ മാത്രമാണ് തെലുങ്കാന നിസാമാബാദ് സ്വദേശി നിസാമുദ്ദീൻ അമൻ. രണ്ട് വർഷങ്ങൾക്ക് മുൻപ് ലോക്ക് ഡൗൺ കാലത്തും വാർത്തകളിൽ ഇടംനേടിയതാണ് നിസാമുദീനും ‘അമ്മ റസിയ ബീഗവും. അധ്യാപിക കൂടിയായ ഈ ‘അമ്മ അന്ന് വാർത്തകളിൽ ഇടംനേടിയത് ലോക്ക്ഡൗണിൽ രാജ്യം നിശ്ചലമായപ്പോൾ കിലോമീറ്ററുകൾ അപ്പുറം കുടുങ്ങിപ്പോയ തന്റെ മകനെ വീട്ടിലെത്തിക്കുന്നതിനായി 1400 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ച് മകനെ സുരക്ഷിതമായി വീട്ടിലെത്തിച്ചുകൊണ്ടാണ്.

ഇന്നിതാ വർഷങ്ങൾ രണ്ട് കഴിയുമ്പോൾ തന്റെ മകനായി വീണ്ടും കാത്തിരിക്കുകയാണ് ഈ ‘അമ്മ. ഇത്തവണ തനിക്ക് എത്തിച്ചേരാൻ പറ്റാത്തിടത്താണ് മകൻ. അതുകൊണ്ടുതന്നെ അവനെ നാട്ടിലെത്തിക്കുന്നതിനായുള്ള പോരാട്ടങ്ങളിലാണ് ഈ ‘അമ്മ. യുക്രൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സുമിയിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് നിസാമുദീൻ അമൻ. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് സുമി നഗരം, ഇവിടെ സ്ഥിതി ചെയ്യുന്ന സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് അമൻ.

Read also: പുറം കൈയിൽ കുറിച്ച ഫോൺ നമ്പറും, ബാഗുമായി ഒറ്റയ്ക്ക് യുക്രൈൻ അതിർത്തി കടന്ന പതിനൊന്നുകാരൻ; പിന്നിൽ ഉള്ളുതൊടുന്നൊരു കഥ

അതേസമയം യുക്രൈനിലെ മറ്റ് നഗരങ്ങളിൽ നിന്ന് സുമി വിച്ഛേദിക്കപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു, ഇത് അവിടെ കുടുങ്ങിയ മറ്റ് പൗരന്മാർക്ക് പുറത്തേക്ക് പോകാൻ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുൻപ് താൻ സുരക്ഷിതനാണെന്ന് മകൻ അറിയിച്ചതായി റസിയ ബീഗം പറഞ്ഞിരുന്നു. അതേസമയം മകന്റെ അവസ്ഥയിൽ താൻ ആശങ്കാകുലയാണെന്ന് അറിയിച്ച റസിയ ബീഗം അവിടെ കുടുങ്ങിയ തന്റെ മകനെയും മറ്റ് ഇന്ത്യൻ വിദ്യാർത്ഥികളെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെയും അറിയിച്ചിട്ടുണ്ട്.

Story highlights: Razia Begum rode 1,400km for son, now he is stuck in Ukraine