ഈ രാധാമണി ചിലപ്പോൾ നിങ്ങൾക്കിടയിലും ഉണ്ടാകും- ‘തീ’യായി നവ്യയുടെ ‘ഒരുത്തീ’, റിവ്യൂ
സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ അസാധാരണമായ കഥ- മലയാളത്തിന്റെ പ്രിയതാരം നവ്യ നായരുടെ തിരിച്ചുവരവ് ചിത്രത്തെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നായികാപ്രാധാന്യമുള്ള ചിത്രമാണ് തിയേറ്ററുകളിൽ മികച്ച അഭിനന്ദനങ്ങൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന ഒരുത്തീ.
രാധാമണി എന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. കൊച്ചി ഫെറി സർവീസിൽ കണ്ടക്ടറായി ജോലി ചെയ്യുകയാണ് രാധാമണി. കേരളത്തിലെ സാധാരണ കുടുംബത്തിലെ എല്ലാ ഭാര്യമാർക്കും അമ്മമാർക്കും ഒരുപരിധിവരെ ഈ രാധാമണി പരിചിതയായിരിക്കും, കാരണം ചിലപ്പോൾ ഈ രാധാമണി നിങ്ങളിൽ ഒരാളാകാം.
ഭർത്താവും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഭാരം മുഴുവൻ പരിഭവങ്ങൾ ഇല്ലാതെ ചുമക്കാൻ വിധിക്കപ്പെട്ടവളാണ് രാധാമണി. ഒരു കുടുംബത്തിലെ എല്ലാവരുടെ ആവശ്യങ്ങളിലും പ്രസരിപ്പോടെ ഓടിയെത്തുന്നവൾ, സാമ്പത്തീക പരാധീനതകൾക്കിടയിലും സ്വന്തമായൊരു ചെറിയ വീടെന്ന സ്വപ്നം കാണുന്ന ഒരു സാധാരണ വീട്ടമ്മ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരുപോരാളി…ഇങ്ങനെ ജീവിതത്തിൽ ഓരോന്നോരോന്നായി ഉണ്ടാകുന്ന പ്രശ്ങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയുടെ ഉള്ളിലെ ‘തീ’ എടുത്തുപറയുന്ന ചിത്രമാണ് വി കെ പ്രകാശിന്റെ ഒരുത്തീ.
Read also: ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങി ലിസ; അതിജീവനത്തിന് പുതിയ അർത്ഥമെഴുതിയ പെൺകരുത്ത്
ജീവിതത്തിൽ ഉണ്ടാകുന്ന അവസ്ഥകൾ ഒരു സ്ത്രീയെ ശക്തയാക്കുന്നതും, പിന്നീട് അതിന്റെ കരുത്തിൽ അവൾ പോരാടുന്നതുമാണ് സിനിമ പറയുന്നത്. നവ്യ നായർക്കൊപ്പം സിനിമയിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ സൈജു കുറുപ്പാണ്. നവ്യയുടെ ഭർത്താവ് ശ്രീകുമാർ ആയാണ് സൈജു ചിത്രത്തിൽ എത്തുന്നത്. മികച്ച കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ സ്ഥാനം ഉറപ്പിച്ച നടന്റെ മറ്റൊരു മികച്ച പ്രകടനം ഈ ചിത്രത്തിലും കാണാം. ഭർത്താവിന്റെ ഗൾഫിലെ ജോലി നഷ്ടമാകുന്നതും അതിനിടയിൽ മകൾക്ക് ഉണ്ടാകുന്ന അപകടവും പിന്നീട് ഈ കുടുംബം ചെന്ന് ചാടുന്ന ചതിക്കുഴിയും അതിൽ നിന്നും രക്ഷ നേടാൻ ശ്രമിക്കുന്നതുമൊക്കെയാണ് ചിത്രം പറയുന്നത്. ഒപ്പം സമൂഹത്തിലെ ചില അനീതികളെയും എടുത്തുകാണിക്കുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടങ്ങളും സ്വപ്നങ്ങളുമൊക്കെ സിനിമയിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.
ചിത്രത്തിൽ ഏറ്റവും എടുത്തുപറയേണ്ടത് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലെ സംവിധായകന്റെ മികവ് ആണ്. പത്ത് വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവന്ന നവ്യയുടെ അഭിനയം നിറഞ്ഞ കൈയടി അർഹിക്കുന്നുണ്ട്. അത്രമേൽ ഗംഭീരമായാണ് സിനിമയിൽ രാധമണിയെ നവ്യ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം എസ് ഐ ആന്റണിയെ അവതരിപ്പിച്ചത് വിനായകനാണ്. ഒരേസമയം പരുക്കനായ പൊലീസ് ഓഫീസറായും സഹജീവി സ്നേഹമുള്ള മനുഷ്യനായും അവതരിക്കുന്നുണ്ട് വിനായകൻ. അന്തരിച്ച കെപിഎസി ലളിതയും സിനിമയിൽ എത്തുന്നുണ്ട്.
രാധാമണിയുടെ സങ്കീർണതകൾ നിറഞ്ഞ ജീവിതംകണ്ട് ആകുലരാകുന്ന പ്രേക്ഷകരോട് നിരവധി കാര്യങ്ങൾ പറയുന്നുണ്ട് ഈ സിനിമ. ശക്തമായ ഒരു സ്ത്രീയുടെ പോരാട്ടം പറയുന്ന ചിത്രം സ്ത്രീകൾ മാത്രമല്ല എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്. സിനിമയ്ക്ക് നട്ടെല്ലായ തിരക്കഥയും, അനുയോജ്യമായ സംഗീതവും, എഡിറ്റിങ്ങും കാമറയുമെല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കുന്നുണ്ട്.
Story highlights; Film oruthee review