‘കച്ചാ ബദാമി’ന് ശേഷം ‘പേരയ്ക്ക’ പാട്ട്, യൂട്യൂബിൽ ട്രെൻഡായി തെരുവോരക്കച്ചവടക്കാരന്റെ ഗാനം
ചില പാട്ടുകൾ വേഗത്തിൽ ഹൃദയതാളങ്ങൾ കീഴടക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ഭരിച്ചുകൊണ്ടിരുന്ന ഗാനമാണ് കച്ചാ ബദാം. ഭൂപൻ ഭട്യാകർ എന്ന വഴിയോരക്കച്ചവടക്കാരൻ പാടി ഹിറ്റാക്കിയ ഗാനത്തെ ഏറ്റെടുത്ത് പാടിയവരും അതിന് ചുവടുവയ്ക്കുന്നവരുമായി സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കച്ചാ ബദാം തരംഗമാണ്. എന്നാൽ ഇപ്പോഴിതാ മറ്റൊരു തെരുവോര പേരയ്ക്ക കച്ചവടക്കാരനാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിലെ താരം, ഭൂപൻ ഭട്യാകറിനെ അനുകരിച്ച് പാട്ടുപാടി കച്ചവടം നടത്തുകയാണ് സാമന്ത് സാമവാദ് എന്നയാൾ.
മേശമേൽ അടുക്കിവെച്ചിരിക്കുന്ന പേരയ്ക്ക തൂക്കി വിൽക്കുന്നതിനിടെയിൽ പാട്ടു പാടുകയാണ് സാമന്ത് സാമവാദ്. അതേസമയം വളരെ രസകരമായാണ് അദ്ദേഹത്തിന്റെ ആലാപനം എന്നതും ഏറെ ശ്രദ്ധേയമാണ്. ‘യേ ഹരി ഹരി കാച്ചി കാച്ചി.. പീലി പീലി’ എന്ന് തുടങ്ങുന്ന പാട്ടാണ് സാമന്ത് വളരെ ഭംഗിയായി ആലപിക്കുന്നത്. പാട്ട് പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ നിരവധിപ്പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
Read also: കുടുംബത്തിന്റെ ആകെ വരുമാനം 200 രൂപ, തയ്യൽക്കാരനായ അച്ഛന്റെ മകൻ കളക്ടറായതിന് പിന്നിൽ…
സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടന്നായിരുന്നു കച്ചാ ബദാം എന്ന പാട്ടും അത് പാടുന്ന ഭൂപൻ ഭട്യാകറും ശ്രദ്ധിക്കപ്പെട്ടത്. ബദാം കച്ചവടം നടത്തുന്നതിനിടെ പാട്ട് പാടുന്ന ഭൂപൻ ഭട്യാകറിന്റെ ചിത്രങ്ങൾ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ബദാം കച്ചവടം ഉപജീവനമാർഗമാക്കിയിരുന്ന ഭൂപൻ ആളുകളെ ആകർഷിക്കുന്നതിനായാണ് പാട്ടുകൾ പാടിയിരുന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ താരമായതോടെ ബദാം കച്ചവടം പോലും നിർത്തിയിരിക്കുകയാണ് ഭൂപൻ. കച്ചവടത്തിനിടെ പാട്ട് പാടുന്ന ഭൂപന്റെ വിഡിയോ ആദ്യം യുട്യൂബിൽ ഇട്ടത് ശ്രദ്ധയിൽപെട്ട നസ്മൂ റീച്ചറ്റ് എന്ന സംഗീതജ്ഞൻ ഈ പാട്ട് റീമിക്സ് ചെയ്തിറക്കിയതോടെ ഈ പാട്ട് ഹിറ്റാകുകയായിരുന്നു.
Story highlights: Gauva Seller singing amazingly- hit song