മനുഷ്യശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന വൃക്ക- ഭക്ഷണകാര്യത്തിലും വേണം ഏറെ കരുതൽ
മനുഷ്യശരീരത്തിൽ വൃക്കകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിൽ എത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് വൃക്കകളുടെ ധർമ്മമാണ്. അതുകൊണ്ടുതന്നെ വൃക്കകളെ കൃത്യമായ കരുതൽ നൽകി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാലത്ത് വൃക്കരോഗികളുടെ എണ്ണം വർധിക്കുന്നതും വലിയ രീതിയിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും സോഡിയവും ഉപ്പും ഇല്ലാത്ത ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ ഒരുപരിധിവരെ സഹായിക്കും.
കൂടുതലായും പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നതാണ് നല്ലത്. ജങ്ക് ഫുഡ് പരമാവധി കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. കൂടാതെ, പ്രോട്ടീൻ ഉപഭോഗം ശ്രദ്ധിക്കുക. വളരെയധികം പ്രോട്ടീൻ ഉള്ളത് രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ ഇടയാക്കും, അത് നീക്കം ചെയ്യാൻ വൃക്കകൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇതും വൃക്കകളിൽ തകരാർ ഉണ്ടാകാൻ കാരണമാകും. പഴവർഗങ്ങൾക്ക് പുറമെ ക്യാബേജ്, കോളിഫ്ളവർ, മല്ലി, ക്രാൻബെറി എന്നിവയൊക്കെ വൃക്കകളുടെ സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നതാണ്.
Read also: മതിയായ ശമ്പളമില്ല; ജോലി ഉപേക്ഷിച്ച് ബിരിയാണി കച്ചവടത്തിനിറങ്ങി എഞ്ചിനീയർമാർ- ഇന്ന് ഇരട്ടി വരുമാനം
അതേസമയം വൃക്കരോഗികള്‍ ഓറഞ്ച് അധികം കഴിക്കുന്നത് നല്ലതല്ല. ഓറഞ്ചിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും വൃക്കരോഗികള്‍ക്ക് അത്രയ്ക്ക് നല്ലതല്ലാത്ത പൊട്ടാസ്യവും ഓറഞ്ചില്‍ ധാരാളമായിതന്നെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. വൃക്കരോഗമുള്ളവര്‍ പൊട്ടാസ്യം കുറഞ്ഞ മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. പൊട്ടാസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് തക്കാളി, ഇതും വൃക്കരോഗികള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. വാഴപ്പഴത്തിലും പൊട്ടാസ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവയും ഭക്ഷണത്തില്‍ അമിതമായ അളവില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വൃക്ക രോഗികള്‍ ശ്രദ്ധിക്കണം. അതേസമയം ഇത്തരത്തിൽ വൃക്ക രോഗമുള്ളവർ ഡോക്ടറെ കാണേണ്ടതും നിർദ്ദേശങ്ങൾ പിന്തുടരേണ്ടതും അത്യാവശ്യമാണ്.
Story highlights; Healthy food habits for kidney