ലെറ്റ് ഇറ്റ് ഗോ…, യുക്രൈനിലെ അഭയകേന്ദ്രത്തിൽ നിന്നും കുരുന്ന് പാടി; ഹൃദയംകൊണ്ട് ഏറ്റെടുത്ത് ലോകജനത

March 10, 2022

യുക്രൈനിൽ നിന്നുള്ള വാർത്തകൾ ഓരോ ദിവസവും ലോകത്തെ മുഴുവൻ വേദനയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുദ്ധത്തിന്റെ ഭീകരത സൃഷ്ടിച്ച വേദനകൾക്കിടയിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വേദനയാകുന്നത്. യുക്രൈനിലെ ഒരു കെട്ടിടത്തിൽ അഭയം പ്രാപിച്ചവർക്കിടയിൽ നിന്നും പാട്ട് പാടുകയാണ് ഒരു കുഞ്ഞുമോൾ. പാട്ട് പാടുന്ന സാഹചര്യവും പാട്ടിന്റെ വരികളിലെ അർത്ഥവുമെല്ലാം കണ്ടുനിൽക്കുന്നവരുടെ മുഴുവൻ ഹൃദയം തകർക്കുന്നുണ്ട്. ഡിസ്‌നി ചിത്രം ഫ്രോസണിലെ ‘ലെറ്റ് ഇറ്റ് ഗോ’ എന്ന ഗാനമാണ് അമേലിയ എന്ന കുരുന്ന് പാടുന്നത്.

അമേലിയയുടെ ഗാനം ഒരേസമയം അതിഗംഭീരവും വേദനാജനകവും ആണെന്നാണ് വിഡിയോ കണ്ടവർ മുഴുവൻ അഭിപ്രായപ്പെടുന്നത്. അതേസമയം കുരുന്നിന്റെ പാട്ട് കേട്ട് കണ്ണുനീർ തുടയ്ക്കുന്ന സ്ത്രീകളെയും വിഡിയോയിൽ കാണുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മികച്ച പിന്തുണയാണ് വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർട്ട സ്മെഖോവ എന്ന യുവതിയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവന്നത്, എന്നാൽ വിഡിയോ വൈറലായതോടെ ഫ്രോസൺ സിനിമയ്ക്ക് വേണ്ടി ഈ ഗാനം ആലപിച്ച ഇഡിന മെൻസൽ അടക്കമുള്ളവരും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. യുക്രൈൻ പതാകയിലെ നിറങ്ങളായ നീലയും മഞ്ഞയും നിറങ്ങൾ ഉപയോഗിച്ചാണ് ഇഡിന മെൻസൽ കുഞ്ഞിന്റെ പാട്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ഡോക്ടറേറ്റ് എടുക്കാനുള്ള പഠനത്തിനിടെയിലും ചായക്കടയിലെ ജോലിയിൽ തിരക്കിലാണ് ആർദ്ര; പ്രചോദനമാണ് ഈ ജീവിതം

സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞിന്റെ പാട്ടിനെ അഭിനന്ദിച്ചുകൊണ്ടും ഒപ്പം യുക്രൈനിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഓർത്ത് പരിതപിച്ചുകൊണ്ടും എത്തിയത്. അതേസമയം ഇത്തരത്തിൽ യുദ്ധഭൂമിയിലെ അഭയകേന്ദ്രത്തിൽ നിന്നും നിരവധി ഹൃദയഭേദകമായ വിഡിയോകളും ചിത്രങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തിൽ നിന്നും കണ്ണീരോടെ വയലിൻ വായിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രങ്ങളും സോഷ്യൽ ഇടങ്ങളിൽ വേദനായയായി മാറിയിരുന്നു.

Story highlights: Heartfelt video of Ukrainian little girl