അപ്രവചനീയമായ പന്തുകളെറിഞ്ഞവന് വിട… വോൺൺൺ…

March 5, 2022

ലെഗ് സ്പിൻ ബൗളിങ്ങിന് ഈ കാണുന്നത്ര മാസ്മരികത ഒന്നുമില്ലാത്തൊരു കാലം ബാറ്റർമാർക്ക് അനായാസം റൺസ് നേടാൻ അവസമൊരുക്കുകയാണ് ഒരു ലെഗ് സ്പിന്നറുടെ പ്രധാന തൊഴിൽ എന്ന് വിശ്വസിക്കപ്പെടുകയും ബാറ്റർമാർ അനായാസേന ലെഗ് സ്പിന്നർമാരെ നിലം പരിശാക്കുന്ന കാഴ്ച തുടരെ സംഭവിക്കുകയും ചെയ്തു കൊണ്ടേയിരുന്നു കാലം. ആ കാഴ്ചകൾക്ക്, ചിന്തകൾക്ക് അവസാനമിട്ടുകൊണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസിനെ കീഴടക്കിയ മാന്ത്രികൻ. ഒരാൾക്കെങ്ങനെയാണ് 163 ഗ്രാം ഭാരമുള്ളൊരു തുകൽ പന്തിൽ ഇത്രമാത്രം വിസ്മയങ്ങൾ സൃഷ്ടിക്കാനാകുകയെന്ന് അത്ഭുതത്തോടെ ക്രിക്കറ്റ് പ്രേമികളുടെ മനസിൽ തോന്നിപ്പിച്ച പ്രതിഭ ഷെയ്ൻ വോൺ. ഈ ലോകത്ത് നിന്ന് നീ വിട പറയുമ്പോൾ മനസിൽ നീ നൽകിയ ഓർമകളും നിനക്കായി വിളിച്ച ആർപ്പു വിളികളും മനസിനെ തകർത്തും തൊണ്ട പൊട്ടുമാറും വീണ്ടും വീണ്ടും ഉയർന്നു വരുന്നുണ്ട്… മരണാന്തരം ഒരു ലോകമുണ്ടോ ജീവിതമുണ്ടോ എന്നറിയില്ല പക്ഷെ അങ്ങനെയൊന്നുണ്ടെങ്കിൽ അവിടെ വോണിന്റെ പന്തുകൾ നേരിടാൻ ബാറ്റുമായി ആരെങ്കിലും നിൽപ്പുണ്ടാകും, വിക്കറ്റ് നഷ്ട്ടപെടുമെന്ന ഉറച്ച വിശ്വസത്തോടെ.

‘എനിക്ക് ക്രിക്കറ്റ് ഒരു ലളിതമായ കളിയാണ് എപ്പോഴും ലളിതമായി തന്നെ വെച്ചിച്ചിരിക്കേണ്ട ഒന്ന്’- എന്നാണ് ക്രിക്കറ്റിനെക്കുറിച്ച് വോൺ പറഞ്ഞത്. പക്ഷെ സങ്കീർണതയുടെ മുകളിൽ സങ്കീർണതയുമായാണ് വോണിന്റെ പന്തുകൾ ബാറ്റർമാരുടെ നേരെ പാഞ്ഞടുത്തിരുന്നത്. അപ്രവചനീയം എന്ന വാക്കിനെ ഒരു കൊടുമുടി കയറ്റത്തിന് പറഞ്ഞുവിട്ടാൽ നിങ്ങൾ മറ്റൊരു വാക്ക് ലഭിച്ചേക്കാം. ഒരുപക്ഷെ ആ വാക്കുകൊണ്ട് പോലും വിശേഷിപ്പിക്കുക അസാധ്യമായിരുന്നു വോണിന്റെ പന്തുകളെല്ലാം.

1993 ജൂൺ 4,  ഓരോ തോൽവിയും ക്രിക്കറ്റിന്റെ യുദ്ധഭൂമിയിൽ വെറും ചാരമായി മാറുന്നതിന് സമമാണെന്ന് കണക്കാക്കപ്പെടുന്ന ലോകത്തിലെ എറ്റവും മികവുറ്റ ക്രിക്കറ്റ് പോരാട്ടങ്ങളിലൊന്നായ ആഷസ് പരമ്പരയുടെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം. സ്പിൻ ബൗളർമാരെ തുണയ്ക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാൻസ്‌ഫോർട്ട് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്പിൻ ബൗളർമാരെ വല്ലാതെ സഹായിക്കുന്ന ആ പിച്ചിൽ ഓസ്‌ട്രേലിയൻ നിരയിൽ ഒരേ ഒരു സ്പിന്നറെ ഉണ്ടായിരുന്നുള്ളു, അന്ന് അത്രയ്ക്ക് പരിചയസമ്പന്നനൊന്നുമല്ലാത്ത സാക്ഷാൽ ഷെയ്ൻ വോൺ.

ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്സിൽ 289 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ടിന് മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് 71 റൺസ് നേടിയതിന് ശേഷമാണ്. ആദ്യ വിക്കറ്റ് വീണതിന് ശേഷം ബാറ്റിങിനിറങ്ങുന്നത് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റർ മൈക്ക് ഗാറ്റിങ്. ഗാറ്റിങ്ങിന് നേരെ വോണെറിഞ്ഞ ഒരു ലെഗ് ബ്രേക്ക് ഡെലിവറി, കാലും ബാറ്റും അടുപ്പിച്ച് ലെഗ് സൈഡിലേക്ക് മെല്ലെ ചെരിഞ്ഞ ഗാറ്റിങ്ങിനെയും കളികണ്ടിരുന്ന ക്രിക്കറ്റ് പ്രേമികളെയും സഹകളിക്കാരെയും അത്ഭുതത്തിന്റെ മറ്റൊരു ലോകത്തേക്ക് നയിച്ച് ആ പന്ത് ഓഫ് സ്റ്റമ്പിളക്കി. ക്രിക്കറ്റ് ലോകം ആ പന്തിനെ പിന്നീട് വിളിച്ചത് നൂറ്റാണ്ടിന്റെ പന്ത് എന്നാണ്. പിന്നീടും  വോൺ ലോകത്തെ ഞെട്ടിച്ച നിരവധി പന്തുകളെറിഞ്ഞു ഗാറ്റിങ്ങിനെ വീഴ്ത്തിയ നൂറ്റാണ്ടിന്റെ പന്തിനേക്കാൾ മികവുറ്റതെന്ന് കുറെ പേരെങ്കിലും കരുതുന്ന ഇംഗ്ലണ്ട് താരം തന്നെയായ ആൻഡ്രു സ്‌ട്രോസിനെ വീഴ്ത്തിയ ബോൾ ഉൾപ്പെടെ നിരവധി, പക്ഷെ പിന്നീട് വോണിന്റെ അത്ഭുതപന്തുകൾ കാണുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടലുണ്ടായില്ല കാരണം വോണിന്റെ ആവനാഴിയിൽ നിന്ന് വരുന്ന ഓരോ പന്തും ലോകത്തിന് പുതിയ അനുഭവമാണെങ്കിലും അതൊക്കെ വോണിന് സ്വാഭാവികമായിരുന്നു. അതാണ് വോണിന്റെ പ്രതിഭ.

ക്രിക്കറ്റിലെ വൻശക്തികളിലെ വൻശക്തി ഇന്ത്യയ്ക്ക് വോൺ പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. അത് ഐ പി എൽ ന്റെ വരവിനും വോണിന്റെ രാജസ്ഥാന്റെ കിരീട വിജയത്തിനും ഒരുപാട് കാലം മുൻപേ സംഭവിച്ചതാണ്. സച്ചിൻ- വോൺ ക്രിക്കറ്റ് പോരാട്ടത്തിന് പകരം ക്രിക്കറ്റിങ്ങിൽ മറ്റെന്തുണ്ട്. സുന്ദരമായിരുന്നു ആ പോരാട്ടമെങ്കിലും സച്ചിന്റെ ബാറ്റിംഗ് പ്രതിഭക്കുമുൻപിൽ പലകുറി നിരായുധനായിട്ടുണ്ടെങ്കിലും, 29 തവണ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇരുവരും ഏറ്റുമുട്ടിയതിൽ 4 തവണ സച്ചിനെ പുറത്താക്കാൻ വോണിനായി. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ എറ്റവും മികച്ച ബാറ്റർ ആരെന്ന ചോദ്യത്തിന് ‘സച്ചിൻ.. സച്ചിൻ’ എന്ന് മാത്രം വോൺ ഉത്തരം നൽകിയത്. സച്ചിനും വോണും ശത്രുക്കളായിരുന്നു കളികളത്തിൽ മാത്രം, പുറത്തവർ പ്രിയപ്പെട്ട കൂട്ടുകാരും.

അപ്രവചനീയമായിരുന്നു വോണിന്റെ പന്തുകൾ, അതിനേക്കാൾ പലപ്പോഴും അപ്രവചനീയമായിരുന്നു വോണിന്റെ കളത്തിന് പുറത്തെ ചെയ്തികൾ. ഉന്മാദത്തിന്റെ അതിരുകളില്ലാത്ത ക്രിക്കറ്റിന്റെ ലഹരിയെ നമ്മിലേക്ക് ആവോളം നിറച്ച വോൺ ആരാധക മനസിൽ ഉടയാത്ത ക്രിക്കറ്റ് വിഗ്രഹമാണെന്നും.

വോൺ ഈ ലോകത്ത് നിന്ന് മടക്കമില്ലാത്ത ഒരു യാത്രയിലേക്ക് നീങ്ങിയപ്പോൾ വോണിന്റെ രാജസ്ഥാൻ റോയൽസ് കുറിച്ചതിങ്ങനെയാണ് ‘വോൺ നീ മാന്ത്രികനാണ്. അസാധ്യമായത് സാധ്യമാക്കുന്നവനാണ്’. വോൺ അങ്ങനെ തന്നെയായിരുന്നു’ അസാധ്യമാണെന്ന് തോന്നുന്നിടത്തുനിന്നുപോലും വിക്കറ്റുകൾ നേടിയ മാന്ത്രികൻ. സ്പിൻ ബൗളിങ്ങിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ മാന്ത്രികൻ. നേടിയ ആയിരത്തിന് മുകളിലെ വിക്കറ്റുകൾകൊണ്ടുമാത്രം നിന്നെ ഞങ്ങൾ അളക്കില്ല. നീ മാതൃകയാണ് ക്രിക്കറ്റിലേക്കുള്ള പുതു തലമുറയുടെ മുന്നിലെ മാതൃക, നന്ദി വോൺ അത്രമേൽ സുന്ദരമായ ക്രിക്കറ്റ് അനുഭവം നൽകി ഞങ്ങളെ ആനന്ദിപ്പിച്ചതിന്.

Story highlights: In Memmory Of Shane Warne