നൂറുകണക്കിനാളുകൾക്ക് അഭയകേന്ദ്രമായി യുക്രൈനിലെ ഇന്ത്യൻ റെസ്റ്റോറന്റ്; അഭയം പ്രാപിച്ചവർക്ക് ഭക്ഷണവും നൽകി ഉടമയും ജീവനക്കാരും

March 2, 2022

യുക്രൈയ്നിലെ പ്രതിസന്ധി ഘട്ടം ലോകമെമ്പാടുമുള്ള ആളുകളെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. ആളുകൾക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യങ്ങളൊക്കെ പുരോഗമിക്കുന്നതേയുള്ളു. ഇന്നലെ ഷെൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെടുകയുംകൂടി ചെയ്‌തതോടെ ഭയവും കരുതലും പ്രാർത്ഥനയുമെല്ലാം വർധിച്ചിരിക്കുകയാണ്. ഈ പ്രതികൂല സാഹചര്യത്തിൽ കനിവിന്റെ കരങ്ങൾ നീട്ടി മാതൃകയാകുകയാണ് കീവിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റ്.

യുക്രേനിയൻ തലസ്ഥാനത്ത് കുടുങ്ങിയ നൂറുകണക്കിന് ആളുകൾക്ക് അഭയകേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം . അത്രയും ആളുകൾക്ക് ഒരു താൽക്കാലിക അഭയകേന്ദ്രമായി മാറിയ ഇന്ത്യൻ റെസ്റ്റോറന്റ് കീവിലാണ് സ്ഥിതി ചെയ്യുന്നത്.റഷ്യൻ ആക്രമണത്തിന്റെ വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുക്രേനിയൻ പൗരന്മാർക്കും അഭയം നൽകുന്നതിനായി ഗുജറാത്ത് സ്വദേശിയായ മനീഷ് ദേവ് തന്റെ റെസ്റ്റോറന്റ് തുറന്നു നൽകുകയായിരുന്നു. ചോക്കോലിവ്സ്കി ബൊളിവാർഡിന്റെ ബേസ്മെന്റിലാണ് ‘സാതിയ’ എന്ന റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് ബോംബുകൾ പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾ, അഭയം തേടി നൂറുകണക്കിന് ആളുകൾ റസ്റ്റോറന്റിലേക്ക് ഒഴുകിയെത്തി. അന്നുമുതൽ, മനീഷ് ദേവ് ആളുകളെ പരിപാലിക്കുകയും അവർക്ക് ദൈനംദിന ഭക്ഷണം നൽകുകയും ചെയ്യുന്നു.

‘നിരവധി യുക്രേനിയൻ പൗരന്മാരും എന്റെ റെസ്റ്റോറന്റിൽ എത്തി, അവർ ഇവിടെ സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെസ്റ്റോറന്റ് ഇപ്പോൾ ഒരു ബോംബ് ഷെൽട്ടർ പോലെയാണ്, കാരണം അത് ബേസ്മെന്റിന് താഴെയാണ്. ഞങ്ങൾ എല്ലാവർക്കും ഭക്ഷണം നൽകുന്നു’- അദ്ദേഹം പറയുന്നു.

ഗുഡ് എന്ന ട്വിറ്റർ പേജിലാണ് ഷെൽട്ടറിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “മനീഷ് ദേവ് എന്നയാൾ തന്റെ റെസ്റ്റോറന്റിനെ യുക്രെയ്നിലെ 125-ലധികം ദുർബലരായ ആളുകൾക്ക് ഒരു അഭയകേന്ദ്രമാക്കി മാറ്റി. അദ്ദേഹവും അവന്റെ ജീവനക്കാരും ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു . ലോകത്തിന് മനീഷിനെപ്പോലെ കൂടുതൽ ആളുകളെ ആവശ്യമാണ്’- പേജിൽ കുറിക്കുന്നു.

Read Also: മലയിടുക്കിൽ അകപ്പെട്ടപ്പോഴുള്ള അനുഭവങ്ങൾ ചിരിവേദിയിൽ തുറന്നുപറഞ്ഞ് ബാബു

റഷ്യയുടെ അധിനിവേശത്തിനുശേഷം യുക്രെയ്നിൽ നിന്ന് ഉയർന്നുവന്ന നിരവധി ഹൃദയസ്പർശിയായ കഥകളിൽ ഒന്നായി മാറുകയാണ് ഇതും. കീവിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ സാതിയ ഒരു ജനപ്രിയ ഭക്ഷണശാലയായിരുന്നു. എല്ലാവര്ക്കും ഭക്ഷണം നൽകുന്നുണ്ടെങ്കിലും ഭക്ഷണത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് ഇപ്പോൾ ആശങ്കയിലാണ്.

Story highlights- Indian restaurant in Kyiv becomes shelter home for hundreds