മലയിടുക്കിൽ അകപ്പെട്ടപ്പോഴുള്ള അനുഭവങ്ങൾ ചിരിവേദിയിൽ തുറന്നുപറഞ്ഞ് ബാബു

February 28, 2022

ബാബു എന്ന പേര് മലയാളികൾക്കിപ്പോൾ ഏറെ സുപരിചിതമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് മലയിടുക്കിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ രക്ഷിക്കുന്നതിനായി കേരളക്കര മുഴുവൻ നെഞ്ചുരുകി പ്രാർത്ഥിച്ചതാണ്. ആ പ്രാർത്ഥനകൾക്കൊക്കെ മറുപടിയായി എത്തിയ ഇന്ത്യൻ ആർമി ബാബുവിനെ അതിസാഹസീകമായി രക്ഷപ്പെടുത്തി നാടിന് നൽകി. രണ്ട് ദിവസത്തോളം ഭക്ഷണവും വെള്ളവും ഇല്ലാതെ കഴിഞ്ഞിട്ടും ആത്മധൈര്യം കൊണ്ട് പതറാതെ ഇരുന്ന ഈ ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടും നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ ആത്മധൈര്യം കൊണ്ട് ഒരു നാടിൻറെ മുഴുവൻ ഹീറോയായി മാറിയ ബാബു ഫ്ളവേഴ്സ് സ്റ്റാർ മാജിക് വേദിയിലെത്തിയിരിക്കുകയാണ്. സുഹൃത്തിനും കുടുംബത്തിനുമൊപ്പമാണ് ബാബു ഈ വേദിയിലേക്ക് എത്തിയത്.

സ്റ്റാർ മാജിക്കിലെ കൗണ്ടറുകൾക്കും തമാശകൾക്കും പുറമെ മലയിടുക്കിൽ കുടുങ്ങിയതിനെക്കുറിച്ചും ഈ വേദിയിൽ തുറന്നു പറയുകയാണ് ബാബു. പുലർച്ചെ എഴുന്നേറ്റ് പത്രമിടാൻ പോയ ശേഷം മറ്റ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് ബാബു മലകയറാൻ പോയത്. എന്നാൽ വഴിയിൽ വെച്ച് കൈയിൽ ഉണ്ടായിരുന്ന വെള്ളവും ഫുഡും തീർന്നു. ക്ഷീണിതരായ മറ്റ് സുഹൃത്തുക്കൾ മലകയറുന്നത് അവസാനിപ്പിച്ചെങ്കിലും താൻ മറ്റേ വഴിയേ ഇറങ്ങിവരാമെന്ന് പറയുകയായിരുന്നു ബാബു. എന്നാൽ മുന്നോട്ടുള്ള യാത്രക്കിടെ കാൽ വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു ബാബു. അങ്ങനെ കാലിന് ഇൻജുറി ആയതോടെ അവിടെ കുടുങ്ങിപ്പോയ ബാബു പിന്നീട് വളരെയധികം സമയം ഇറങ്ങിവരാനുള്ള ശ്രമം നടത്തിയെങ്കിലും അതിന് കഴിഞ്ഞില്ല.

Read also: അപ്രതീക്ഷിതമായുണ്ടായ കനത്ത മഞ്ഞുവീഴ്ച; പർവതാരോഹകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി, ഭീതിനിറച്ച് വിഡിയോ

ഫെബ്രുവരി ഒമ്പതിനാണ് ഇന്ത്യൻ ആർമിയുടെ സഹായത്തോടെ ബാബുവിനെ മലയിൽ നിന്നും താഴെ ഇറക്കിയത്. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ നടന്ന അസാമാന്യ രക്ഷാകരദൗത്യത്തിലൂടെ യുവാവിനെ രക്ഷപ്പെടുത്തിയത്. കേണൽ ശേഖർ അത്രിയാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയത്. ചെറാട് മലയിൽ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിക്കിടക്കുകയായിരുന്ന ബാബുവിനെ സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് മലമുകളിൽ നിന്നും സൈന്യം രക്ഷിച്ചത്.

Story highlights: Babu- Star Magic