കുടുംബത്തിന്റെ ആകെ വരുമാനം 200 രൂപ, തയ്യൽക്കാരനായ അച്ഛന്റെ മകൻ കളക്ടറായതിന് പിന്നിൽ…
വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് വിജയ് കുലങ്കെ ജനിച്ചത്. ദിവസവേതനക്കാരായ മാതാപിതാക്കളുടെ ഒരു ദിവസത്തെ ആകെ വരുമാനം 200 രൂപയായിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിനും ദിവസേനയുള്ള ചിലവിനുമായി അഹോരാത്രം പണിയെടുക്കുന്ന മാതാപിതാക്കളെ കണ്ടാണ് വിജയ് വളർന്നത്. ചിലപ്പോഴൊക്കെ ദിവസവും രണ്ട് നേരം ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയും വിജയ്ക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ ദുരിതങ്ങൾക്കൊക്കെ അപ്പുറം മനോഹരമായ നാളുകൾ ഉണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച ആ കുടുംബത്തിന്റെ സാമ്പത്തീക സ്ഥിതി ഉയർന്നു. ഇപ്പോൾ മറ്റുള്ളവർക്ക് സഹായമാകാനും കഴിയുന്ന വിജയ്യുടെ വിജയരഹസ്യം കൈയിൽ ഉണ്ടായിരുന്ന അറിവും കഠിനാധ്വാനത്തിനുള്ള മനസുമായിരുന്നു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റാലേഗന്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് വിജയ് ജനിച്ച് വളർന്നത്. അച്ഛന് ഒരു തയ്യല്‍ക്കാരനായിരുന്നു. അമ്മ ദിവസക്കൂലിയ്ക്ക് ഫാമുകളില്‍ പണിയ്ക്ക് പോകുന്നയാളും. എന്നാൽ മക്കൾക്ക് മികച്ച വിദ്യാഭ്യാസം കൊടുക്കണമെന്ന് ഉറപ്പിച്ച ഈ മാതാപിതാക്കൾ മക്കളെ നന്നായി പഠിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മക്കളെ പഠിപ്പിച്ച ഈ മാതാപിതാക്കൾ കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകങ്ങളും മറ്റ് വസ്തുക്കളും ഏത് വിധേനയും ഇവർക്ക് എത്തിച്ചുനല്‍കിയിരുന്നു. ചെറുപ്പം മുതലേ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു വിജയ്. എല്ലാ ക്ലാസിലും ഒന്നാം സ്ഥാനം നേടിയിരുന്ന വിജയ്യ്ക്ക് പഠിച്ച് ഒരു ഡോക്ടർ ആകണമെന്നും തന്റെ ഗ്രാമത്തിലെ പാവങ്ങൾക്ക് ആശ്വാസമാകണമെന്നുമായിരുന്നു ആഗ്രഹം. എന്നാൽ എംബിബിഎസിന് സീറ്റ് ലഭിച്ചെങ്കിലും, കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം കാരണം അദ്ദേഹത്തിന് ആ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു.
Read also: ഒറ്റമുറി ഷെഡിന്റെ ചോർച്ചയടയ്ക്കാൻ ഷീറ്റ് ചോദിച്ചെത്തി, സ്വന്തമായൊരു വീട് തന്നെ പണിത് നൽകി കടയുടമ
പിന്നീട് ഒരു സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്തുതുടങ്ങിയ അദ്ദേഹം ഈ ജോലിയില്‍ നിന്നുള്ള വരുമാനമുപയോഗിച്ച് വീണ്ടും പഠിക്കാൻ തുടങ്ങി. അങ്ങനെ അദ്ദേഹം ബിരുദം നേടി. അതിന് ശേഷം മനസ്സിൽ സിവില്‍ സര്‍വീസ് എന്ന ആഗ്രഹം വന്നതോടെ മഹാരാഷ്ട്ര സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായുള്ള ശ്രമവും ആരംഭിച്ചു. പകല്‍ ജോലിയ്ക്ക് പോയും രാത്രിയില്‍ പഠിച്ചും അദ്ദേഹം പരീക്ഷയ്ക്കായി ഒരുങ്ങി. മൂന്നാമത്തെ ശ്രമത്തില്‍ അദ്ദേഹത്തിന് വിജയം ലഭിച്ചു. പിന്നീട് അഹമ്മദ്നഗറില്‍ സെയില്‍സ് ടാക്സ് ഇന്‍സ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. അടുത്ത വര്‍ഷം തഹസില്‍ദാര്‍ തസ്തികയിലേക്കുള്ള പരീക്ഷയും ജയിച്ചു. 2012-ല്‍ നടത്തിയ ആദ്യ ശ്രമത്തിലൂടെതന്നെ യുപിഎസ് സി പരീക്ഷയില്‍ വിജയിക്കുകയും ഐഎഎസ് ഉദ്യോഗസ്ഥന്റെ റാങ്ക് നേടുകയും ചെയ്തു. തുടർന്ന് ഒഡീഷയിലെ ധെങ്കനാല്‍ ജില്ലയിൽ ഐ എ എസ് ഓഫീസറായി സേവനവും അനുഷ്ഠിച്ചുവരികയാണ് വിജയ്.
Story highlights: Inspirational Story of man Beat Poverty and became IAS office