ഒറ്റമുറി ഷെഡിന്റെ ചോർച്ചയടയ്ക്കാൻ ഷീറ്റ് ചോദിച്ചെത്തി, സ്വന്തമായൊരു വീട് തന്നെ പണിത് നൽകി കടയുടമ

March 2, 2022

സഹജീവി സ്നേഹത്തിന്റെ നിരവധി കഥകൾ നാം ദിവസവും കേൾക്കാറുണ്ട്. അത്തരത്തിൽ മറ്റൊരു മനോഹരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഒറ്റ മുറി ഷെഡിന്റെ ചോർച്ചയടയ്ക്കാനായി തകരഷീറ്റ് ചോദിച്ചെത്തിയ ആൾക്ക് സ്വന്തമായി ഒരു കോൺക്രീറ്റ് ഭവനം തന്നെ നിർമ്മിച്ചുനൽകിയ ഒരു കടയുമായാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹീറോ. തൃശൂർ ജില്ലയിലെ മാന്ദാമംഗലത്താണ് ഈ മനുഷ്യസ്‌നേഹത്തിന്റെ കഥ നടക്കുന്നത്. നടത്തറ സ്വദേശിയായ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു കടയുടമയാണ് തന്റെ കടയിൽ സഹായം ചോദിച്ചെത്തിയ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് വെച്ചുനൽകിയത്.

4 ലക്ഷം രൂപ ചിലവില്‍ 300 ചതുരശ്ര വിസൃതിയിലാണ് ഷിനുവിനും കുടുംബത്തിനുമായി കടയുടമ വീട് പണിത് നൽകിയത്, വർഷങ്ങളായി ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ഉണ്ടായ കനത്ത മഴയിൽ ഇവരുടെ വീട് തകർന്നു, വീടിനകത്തേക്ക് വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ തൃശൂർ ജില്ലയിലെ ചെന്നായ്പാറ ദിവ്യ ഹൃദയാശ്രമത്തിന്‍റെ സഹായം തേടി ഷിനുവും കുടുംബവും എത്തി. ഈ ആശ്രമത്തിലെ ഡയറക്ടര്‍ ഫാ. ജോർജ് കണ്ണംപ്ലാക്കൽ സന്നദ്ധ സംഘടനയായ ഡ്രീംനേഷൻ മൂവ്മെന്റ് പ്രവർത്തകരായ ദിനേശ് കാരയിൽ, അലോഷ്യസ് കുറ്റിക്കാട്ട് എന്നിവരെ ഇവരുടെ വീടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി നൽകാൻ ഏല്‍പ്പിച്ചു.

അങ്ങനെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചുവീടിന്റെ ചോർച്ച മാറ്റുന്നതിനായി തകര ഷീറ്റ് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഒരു കടയുടമ ഇവർക്ക് വീട് വെച്ചുനൽകാമെന്ന് പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നത്. ഇപ്പോഴിതാ മാസങ്ങൾക്ക് ശേഷം ഷിനുവും കുടുംബത്തിനും അന്തിയുറങ്ങാൻ മനോഹരമായ ഒരു കൊച്ചു കോൺക്രീറ്റ് വീട് തന്നെ നിർമിച്ചുനൽകിയിരിക്കുകയാണ് ഈ കടയുടമ.

Story highlights: Shop Owner Helps poor family to get a new home