ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളെ ഇന്ന് അറിയാം; രണ്ടാം സെമിഫൈനൽ ഇന്ന് 7.30 ന്
ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിരയിലാഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിലേക്ക് പ്രവേശിച്ചത്. ഗോവയിൽ നടന്ന രണ്ടാം പാദ മത്സരം സമനിലയിലായെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ഫൈനലിൽ നേരിടുന്നത്.
ഇന്ന് ഏഴരയ്ക്കാണ് ഹൈദരാബാദും എടികെ മോഹൻ ബഗാനും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ മത്സരം നടക്കുന്നത്. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചതിന്റെ വ്യക്തമായ മുന്‍തൂക്കം ഹൈദരാബാദ് എഫ്സിക്കുണ്ട്. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു എടികെയുടെ തോല്‍വി. എടികെയ്ക്കായി റോയ് കൃഷ്ണയാണ് 18-ാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാൽ പിന്നീട് ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെ, മുഹമ്മദ് യാസിര്‍, ജാവിയര്‍ സിവേരിയോ എന്നിവര്‍ ഹൈദരാബാദിനായി ഗോളുകള്‍ മടക്കി. ലീഗ് ഘട്ടത്തില്‍ പോയിന്റ്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തായിരുന്നു ഹൈദരാബാദും എടികെ മോഹൻ ബഗാനും.
കളിപ്രേമികളെ ആവേശത്തിലാക്കിയ ഒരു മത്സരമായിരുന്നു ഇന്നലെ ബ്ലാസ്റ്റേഴ്സും ജംഷഡ്പൂരും തമ്മിൽ നടന്നത്. ബ്ലാസ്റ്റേഴ്സ് കത്തികയറിയ ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ കേരളം വരാനിരിക്കുന്ന വെടിക്കെട്ടിന്റെ വ്യക്തമായ സൂചനകൾ നൽകിയിരുന്നു. ആക്രമണങ്ങളിലും പ്രതിരോധത്തിലും മികച്ച നീക്കങ്ങൾ കണ്ട ആദ്യ പകുതി അവസാനിക്കുമ്പോൾ ജംഷഡ്പൂരിനെതിരെ കേരളം മേൽക്കൈ നേടിയിരുന്നു. കളിയുടെ പതിനേഴാം മിനുട്ടിൽ സൂപ്പർതാരം വാസ്ക്വേസ് നൽകിയ മനോഹരമായ ഒരു പാസ്സ് അതിമനോഹരമായ ഒരു ഗോളാക്കി മാറ്റുകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയായ അഡ്രിയാൻ ലൂണ.
പിന്നീട് ജംഷഡ്പൂർ ഇന്ത്യൻ താരം പ്രോണോയ് ഹാൽദറിലൂടെ ഒരു ഗോൾ മടക്കി മത്സരം സമനിലയിലാക്കിയെങ്കിലും ആദ്യ മത്സരത്തിലെ വിജയത്തിലൂടെ ബ്ലാസ്റ്റേഴ്സ് ഫൈനൽ ബെർത്ത് ഉറപ്പാക്കുകയായിരുന്നു.
Story Highlights: ISL second semifinal