സെഞ്ചുറി തിളക്കത്തിൽ ‘റോക്സ്റ്റാർ’ രവീന്ദ്ര ജഡേജ; സമർപ്പണം ഷെയ്ൻ വോണിന്റെ ഓർമകൾക്ക്
ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിൽ യഥാർത്ഥ ‘റോക്സ്റ്റാറായി’ മാറിയത് രവീന്ദ്ര ജഡേജയായിരുന്നു. മൊഹാലി ടെസ്റ്റില്‍ ഇന്ത്യ എട്ടിന് 574 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോൾ 175 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇന്നലെ നിര്യാതനായ രാജസ്ഥാൻ റോയല്‍സിൽ തന്റെ മെന്റർ കൂടിയായിരുന്ന ഇതിഹാസ താരം ഷെയ്ൻ വോണിനാണ് തന്റെ സെഞ്ചുറി ജഡേജ സമർപ്പിച്ചത്.
ഷെയ്ൻ വോണാണ് 2008- ൽ ആദ്യമായി ജഡേജയെ ‘റോക്സ്റ്റാർ’ എന്ന് വിശേഷിപ്പിച്ചത്. ഐപിഎല്ലിന്റെ ആദ്യ സീസണിൽ വോണ്‍ നയിച്ച രാജസ്ഥാന് റോയല്‍സില്‍ അംഗമായിരുന്നു ജഡേജ. ഇന്നലെ ഇന്ത്യക്ക് വേണ്ടി ജഡേജ യഥാർത്ഥ റോക്സ്റ്റാറായി മാറുകയായിരുന്നു. 228 പന്തുകളില്‍ നിന്നാണ് താരം 175 റണ്‍സെടുത്തത്. 17 ബൗണ്ടറിയും മൂന്ന് സിക്സും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. മൂന്ന് സെഞ്ചുറി കൂട്ടുകെട്ടുകളിലും ജഡേജ പങ്കാളിയായി.
ഇന്നലെയാണ് കായികലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം ഷെയ്ൻ വോൺ ലോകത്തോട് വിട പറഞ്ഞത്. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ മരണവാർത്ത വലിയ ഞെട്ടലാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. പല പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സച്ചിൻ ടെൻഡുൽക്കറടക്കമുള്ള താരങ്ങൾ വോണിന് ആദരമർപ്പിച്ച് കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന് വോൺ മരിച്ചത്. തായ്ലൻഡിൽ വച്ചാണ് 52 കാരനായ ഷെയ്ന് വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഓസ്ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ന് വോൺ ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായിരുന്നു.
Story Highlights: Jadeja dedicates his century to shane warne