ഒന്നാം സ്ഥാനത്തേക്കുയർന്ന് ജഡ്ഡു; ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും രവീന്ദ്ര ജഡേജയ്ക്ക് നേട്ടം

March 10, 2022

ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനമാണ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ടീമിനായി കാഴ്ചവെച്ചത്. ഇന്ത്യ ഇന്നിങ്സിനും 222 റൺസിനും ലങ്കയെ കീഴടക്കിയപ്പോൾ ആദ്യ ഇന്നിങ്സിൽ 175 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത് ജഡേജയുടെ പ്രകടനമായിരുന്നു. ജഡേജയുടെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്.

ഇപ്പോൾ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജഡ്ഡു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജഡേജ. ശ്രീലങ്കക്കെതിരെ മൊഹാലി ടെസ്റ്റിലെ ഗംഭീര പ്രകടനത്തിലൂടെയാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. വിൻഡീസിന്റെ ജേസൺ ഹോൾഡറും ഇന്ത്യയുടെ തന്നെ രവിചന്ദ്ര അശ്വിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബംഗ്ലാദേശിന്റെ ഷാക്കിബ് അൽ ഹസനാണ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ളത്.

അതേ സമയം മൊഹാലി ടെസ്റ്റിൽ നേടിയ 96 റൺസിലൂടെ ഋഷഭ് പന്ത് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ എത്തിയിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ട് സ്ഥാനങ്ങൾ കയറി ആദ്യ അഞ്ചിലെത്തി.

Read More: ക്രിക്കറ്റിലെ കേരള ‘ശ്രീ’ കളം വിടുമ്പോൾ…

നേരത്തെ മൊഹാലി ടെസ്റ്റിലെ സെഞ്ചുറി നേട്ടത്തിലൂടെ നിരവധി റെക്കോർഡുകളാണ് ജഡേജ സ്വന്തം പേരിലാക്കിയത്. 150 ലധികം റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ ഇന്ത്യന്‍ ബൗളറായി ജഡേജ മാറിയിരുന്നു. ഈ കാര്യത്തിൽ ജഡേജയ്ക്ക് തൊട്ട് പിന്നിലുള്ളത് ഇതിഹാസ താരം വിനു മങ്കാദാണ്. 1952 ൽ താരം ഇംഗ്ലണ്ടിനെതിരെ 184 റൺസ് നേടി അഞ്ച് വിക്കറ്റ് നേടിയിരുന്നു. പുറത്താവാതെ 175 റണ്‍സാണ് ജഡേജ നേടിയത്. ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരനാണ് ജഡേജ. ഡെന്നിസ് ആറ്റ്കിന്‍സണ്‍, ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ് എന്നിവരും നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

Story Highlights: Jadeja tops icc test all rounder ranking