ചരിത്രമെഴുതി ജൂലന്‍ ഗോസ്വാമി; റെക്കോർഡ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരം
ഏറ്റവും മികച്ച ടീമുമായാണ് ഇന്ത്യ ഇത്തവണ വനിതാ ലോകകപ്പിനെത്തിയത്. വളരെ മികച്ച പോരാട്ടം കാഴ്ചവെക്കുന്ന ടീമിലെ താരങ്ങളൊക്കെ മികച്ച ഫോമിലാണ് കളിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യൻ വനിതാ ടീമിലുള്ളത്. ഇപ്പോൾ ഇന്ത്യൻ പേസ് ബൗളർ ജൂലന്‍ ഗോസ്വാമി നേടിയ ചരിത്രനേട്ടമാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.
വനിതാ ഏകദിന ക്രിക്കറ്റിൽ 250 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായിരിക്കുകയാണ് ജൂലന്‍ ഗോസ്വാമി. ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള മത്സരത്തിലാണ് ജൂലൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഓപ്പണര്‍ ടാമി ബ്യൂമോണ്ടിനെ പുറത്താക്കിയാണ് ജൂലൻ ചരിത്രത്തിൽ ആദ്യമായി ഏകദിന ക്രിക്കറ്റിൽ 250 വിക്കറ്റെടുക്കുന്ന താരമായി മാറിയത്. 180 വിക്കറ്റുകളോടെ ഓസീസ് മുന്‍താരം കാത്റിന് ഫിറ്റ്സ്പാട്രിക്കും വിന്‍ഡീസിന്റെ അനിസ മുഹമ്മദുമാണ് ജൂലന്‍ പിന്നിലുള്ളത്.
ജൂലൻ ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ഇന്ത്യക്ക് നിരാശയാണ് സമ്മാനിച്ചത്. മത്സരത്തിൽ നാല് വിക്കറ്റിന് ഇംഗ്ലണ്ട് വനിതകള്‍ വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ഔട്ടായി. 135 റണ്‍സ് വിജയലക്ഷ്യയവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും പതറിയെങ്കിലും 31.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച വിജയം നേടി വലിയ ആവേശത്തിലായിരുന്ന ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലെ തോൽവി ചെറിയ നിരാശ നൽകിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്ത്യൻ ടീം. ക്യാപ്റ്റൻ മിതാലി രാജിനും സൂപ്പർതാരം സ്മൃതി മന്ദാനയ്ക്കുമൊപ്പം കുറെയേറെ യുവതാരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പ് നേടാൻ കഴിയുന്ന ഒരു ടീം തന്നെയാണെന്നാണ് ആരാധകരുടെയും കളി നിരീക്ഷകരുടെയും വിലയിരുത്തൽ.
Story Highlights: Jhulan Goswami’s record in odi cricket