കൊടുംവനത്തിൽ കുട്ടികൾ അകപ്പെട്ടത് 26 ദിവസം; ജീവൻ നിലനിർത്താൻ കാട്ടിലെ വെള്ളവും പഴങ്ങളും, ഇത് അത്ഭുതകരമായ രക്ഷപെടൽ…

March 21, 2022

അത്ഭുതകരമായ രക്ഷപെടലിന്റെ നിരവധി കഥകൾ ഇതിനോടകം നാം കേട്ടതാണ്. എന്നാൽ കൊടുംവനത്തിൽ അകപ്പെട്ട് 26 ദിവസങ്ങൾ കഴിഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് കുട്ടികളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അതും ലോകത്തിലെ ഏറ്റവും വലിയ വനമായ ആമസോൺ മഴക്കാടുകളിലാണ് ഇവർ അകപ്പെട്ടത്, ഒരിക്കൽ ഈ വനത്തിനുള്ളിൽ അകപ്പെട്ടാൽ പിന്നീട് പുറം ലോകം കാണുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതിനിടെയിലാണ് ഈ വനത്തിൽ അകപ്പെട്ട രണ്ട് പേർ, അതും ഒമ്പതും ഏഴും വയസുള്ള രണ്ടു കുട്ടികൾ ഇവിടെ നിന്നും അവിശ്വസനീയമാം വിധത്തിൽ രക്ഷപ്പെട്ടിരിക്കുന്നത്.

വന്യജീവികൾ ധാരാളമായി ഉള്ള ഈ വനത്തിൽ അകപ്പെട്ട ഒമ്പത് വയസ്സുള്ള ഗ്ലെയ്സണ്‍ ഫെറേറയും അവന്റെ ഇളയ സഹോദരന്‍ ഏഴു വയസ്സുള്ള ഗ്ലേക്കോയും ഒരുപോറൽ പോലും ഏൽക്കാതെയാണ് രക്ഷപ്പെട്ടത്. എന്നാൽ ക്ഷീണിച്ച് മെലിഞ്ഞുണങ്ങിയ നിലയിലാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ആമസോണസ് സംസ്ഥാനത്തിലെ ലാഗോ കപാന പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുന്ന മുറ ഗോത്രവിഭാഗക്കാരാണ് ഈ കുട്ടികള്‍. വനത്തിനോട് ചേർന്ന് താമസിക്കുന്ന ഈ കുട്ടികൾ ചെറിയ പക്ഷികളെ വേട്ടയാടി പിടിക്കുന്നതിനിടെയാണ് വഴിതെറ്റി കാട്ടിൽ അകപ്പെട്ടത്.

Read also: ഇത്രയും പരിഭ്രാന്തിയോടെ മറ്റൊരു കാമറയ്ക്ക് മുന്നിലും നിന്നിട്ടില്ല; മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ലെന

ഫെബ്രുവരി 18 ആം തിയതിയാണ് കാടിനടുത്തുവെച്ച് കുട്ടികളെ കാണാതായത്. അതോടെ വീട്ടുകാർ പൊലീസിൽ പരാതിയും നൽകി. 250 ലേറെ ആളുകൾ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൂലകാലാവസ്ഥയും മഞ്ഞും ഒരുപരിധിവരെ തിരച്ചിലിന് പ്രതികൂലമായി. ഒരാഴ്ചയോളം നീണ്ടുനിന്ന തിരച്ചിലിന് ശേഷം അധികൃതർ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ പിന്നീടും പ്രദേശവാസികൾ അവരുടെ തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ മാർച്ച് പതിനെട്ടാം തിയതി കാട്ടിൽ മരം വെട്ടാൻ എത്തിയ നാട്ടുകാരിൽ ഒരാൾ കുട്ടികളുടെത് പോലൊരു നിലവിളി കേട്ടതിനെത്തുടർന്ന് ചെന്ന് നോക്കിയപ്പോൾ അവശരായി മണ്ണിൽ കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മഴവെള്ളവും, തടാകത്തിലെ ജലവും, കാട്ടിലെ പഴങ്ങളും കഴിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത്. എന്തായാലും നിലവിൽ ഈ കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്.

Story highlights; kids rescued from jungle after being lost for 26 days