രോഹിത് ശർമ്മ അഭ്യർത്ഥിച്ചു, ഗാർഡ് ഓഫ് ഓണറിനായി വീണ്ടും ഗ്രൗണ്ടിലേക്കിറങ്ങി കോലി; താരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി സമൂഹമാധ്യമങ്ങൾ

March 6, 2022

ശ്രീലങ്കക്കെതിരെയുള്ള പരമ്പരയിലെ മൊഹാലി ടെസ്റ്റ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ നൂറാം ടെസ്റ്റായിരുന്നു. വമ്പൻ വിജയമാണ് ഇന്ത്യൻ ടീം ഇപ്പോൾ ശ്രീലങ്കക്കെതിരെ നേടിയിരിക്കുന്നത്. നേരത്തെ വിരാട് കോലിക്കുള്ള സമ്മാനമായി ഈ ടെസ്റ്റിൽ വിജയിക്കാൻ ശ്രമിക്കുമെന്ന് പല ഇന്ത്യൻ താരങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ആ പ്രതീക്ഷകളാണ് ഇപ്പോൾ സഫലമായത്. ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ താരങ്ങൾ കോലിയെ ഗ്രൗണ്ടിലേക്ക് സ്വീകരിച്ചത്.

അതേ സമയം വിരാട് കോലിക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നതിന് മുൻപ് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഗാർഡ് ഓഫ് ഓണർ നൽകുന്നതിന് മുൻപേ കോഹ്‌ലി മൈതാനത്തിറങ്ങിയിരുന്നു. അപ്പോഴാണ് ഗാർഡ് ഓഫ് ഓണറിനായി വീണ്ടും തിരിച്ചുകയറാൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കോലിയോട് അഭ്യർത്ഥിച്ചത്. ഇക്കാര്യം കോലിക്കും സർപ്രൈസ് ആയിരുന്നുവെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

താരങ്ങൾ തമ്മിലുള്ള സൗഹൃദത്തെയാണ് ഇപ്പോൾ ആരാധകരും സമൂഹമാധ്യമങ്ങളും വാനോളം പുകഴ്ത്തുന്നത്. കോലിക്ക് രോഹിതിന്റെ വകയുള്ള സർപ്രൈസ് ആയിരുന്നു ഗാർഡ് ഓഫ് ഓണർ. അതോടൊപ്പം തന്നെ ഗാർഡ് ഓഫ് ഓണറിനായി ഗ്രൗണ്ടിൽ നിന്ന് തിരിച്ചു കയറാൻ രോഹിത് പറഞ്ഞപ്പോൾ സന്തോഷത്തോടെയാണ് കോലി അത് അനുസരിച്ചത്. ഇത് രണ്ട് താരങ്ങളും തമ്മിലുള്ള സൗഹൃദത്തെയാണ് കാണിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്.

Read More: സ്പിൻ മാന്ത്രികൻ ഇനി എന്നെന്നും മെൽബണിൽ; ഷെയ്ൻ വോണിന് അന്ത്യവിശ്രമം

മൊഹാലി ടെസ്റ്റോടുകൂടി നൂറ് ടെസ്റ്റുകൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോലി മാറി. നേരത്തെ ഇന്ത്യൻ സൂപ്പർതാരം ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങൾ നൂറാം ടെസ്റ്റിൽ കോലിക്കുള്ള സമ്മാനമായി വിജയം നേടുമെന്ന് പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയിച്ചതോട് കൂടി കോലിക്കിത് ഇരട്ടി മധുരമായി.

Story Highlights: Kohli’s guard of honour video