കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘പട’ മാർച്ച് 11ന് തിയേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘പട’ മാർച്ച് 11ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ കമൽ കെ.എം ഒരുക്കുന്ന ചിത്രമാണിത്. ‘പട’ നേരത്തെ റിലീസ് പ്രഖ്യാപിച്ചിരുന്നത് മാർച്ച് 10നായിരുന്നു. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയായതിനാൽ സിനിമാ പ്രേമികൾക്കും ആരാധകർക്കും ഇടയിൽ വലിയ പ്രതീക്ഷയാണ് പട സമ്മാനിക്കുന്നത്. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന നാലംഗ സംഘത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
E4 എന്റർടൈൻമെന്റും AVA പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറും സംഗീതം വിഷ്ണു വിജയും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്ജ് എന്നിവരെ കൂടാതെ ദിലീഷ് പോത്തൻ, പ്രകാശ് രാജ്, അർജുൻ രാധാകൃഷ്ണൻ, ഇന്ദ്രൻസ്, സലിം കുമാർ, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, വി കെ ശ്രീരാമൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read Also: മുകിലിന്റെ മറവുകളിൽ… സെൽവയുടെ വിയോഗം പറഞ്ഞ് ‘ഹൃദയ’ത്തിലെ ഗാനം; ഉള്ളംതൊട്ട് ചിത്രയുടെ ആലാപനം
അതേസമയം, ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, മായാനദി, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ സിനിമകളുടെ നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനോടൊപ്പം ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- Kunchacko Boban-starrer ‘Pada’ to release on March 11