മുകിലിന്റെ മറവുകളിൽ… സെൽവയുടെ വിയോഗം പറഞ്ഞ് ‘ഹൃദയ’ത്തിലെ ഗാനം; ഉള്ളംതൊട്ട് ചിത്രയുടെ ആലാപനം

March 9, 2022

പാട്ടുകൾ കൊണ്ട് സമ്പന്നമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കെത്തിയ ഹൃദയം എന്ന ചിത്രം. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ചിത്രം ഫെബ്രുവരി 18 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലും എത്തിയിരുന്നു. പ്രണയവും സൗഹൃദവും പ്രമേയമാക്കി ഒരുക്കിയ ചിത്രത്തിൽ പാട്ടുകൾക്കും ഏറെ പ്രാധാന്യമുണ്ട്. പതിനഞ്ചോളം പാട്ടുകൾ ഉള്ള ചിത്രത്തിലെതായി പുറത്തുവന്ന ഏറ്റവും പുതിയ ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്.

മുകിലിന്റെ മറവുകളിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയത്. സിനിമയിലെ സെൽവ എന്ന കഥാപാത്രത്തിന്റെ വിയോഗം സൃഷ്ടിച്ച വേദനയും, ആ വേദനയിൽ നിന്നും സെൽവയ്ക്ക് വേണ്ടി അയാൾ ചെയ്തിരുന്ന നന്മ പ്രവർത്തികൾ വീണ്ടും ചെയ്യാനിറങ്ങുന്ന സുഹൃത്തുക്കളെയും കാണിക്കുന്ന ഗാനമാണിത്. ഹിഷാമിന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ വരികൾ തയാറാക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഈ മനോഹരമായ മെലഡി ഗാനം പാട്ട് പ്രേമികളിലേക്ക് എത്തുന്നത് ചിത്രയുടെ ശബ്ദത്തിലൂടെയാണ് എന്നത് തന്നെയാണ് പാട്ടിനെ ഇത്രമേൽ സ്വീകാര്യമാക്കുന്നതും.

Read also: മണ്ണിലേക്ക് പറന്നിറങ്ങിയ ആയിരക്കണക്കിന് തത്തക്കൂട്ടങ്ങൾ, കാരണം കണ്ടെത്തി ഗവേഷകർ

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിൽ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് അരുൺ നീലകണ്ഠൻ എന്നാണ്. ബിരുദാനന്തര ബിരുദം മുതൽ വൈവാഹിക ജീവിതം വരെയുള്ള അരുണിന്റെ ജീവിതവും അതിനിടെയിൽ ഉണ്ടാകുന്ന പ്രണയവുമാണ് സിനിമ പറയുന്നത്. പ്രണയവും സൗഹൃദവും എല്ലാം ഇടകലർത്തിയ ചിത്രം പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നുണ്ട്.

അതേസമയം പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ഹൃദയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ നായകനാകുന്ന മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രവുമാണ് ഹൃദയത്തിലൂടെ വെള്ളിത്തിരയിൽ എത്തിയത്.

Story highlights: K S Chithra Hridayam Song