മണ്ണിലേക്ക് പറന്നിറങ്ങിയ ആയിരക്കണക്കിന് തത്തക്കൂട്ടങ്ങൾ, കാരണം കളിമണ്ണോ ?

March 8, 2022

ചിലപ്പോഴൊക്കെ രസകരമായ കാഴ്ചകൾക്കും സാക്ഷിയാകാറുണ്ട് സോഷ്യൽ ഇടങ്ങൾ. ഇപ്പോഴിതാ അത്തരത്തിൽ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. നദീതീരത്തേക്ക് പറന്നിറങ്ങുന്ന ആയിരക്കണക്കിന് തത്തകളെയാണ് വിഡിയോകളിൽ കാണുന്നത്. ആമസോൺ മഴക്കാടുകളിൽ നിന്നുള്ളതാണ് ഈ മനോഹരമായ കാഴ്ചകൾ. അതേസമയം ഇത്തരത്തിൽ ആയിരക്കണക്കിന് പക്ഷികൾ ഇങ്ങനെ ഇറങ്ങുന്നതിന് പിന്നിലെ കാരണവും വിചിത്രമാണ്. കളിമണ്ണ് തിന്നാനാണ് പക്ഷികൾ ഇങ്ങനെ ഇറങ്ങുന്നതത്രേ.

നദീതടങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന കളിമൺ തിട്ടകളിൽ ഇവ കൂട്ടമായെത്തി കളിമണ്ണ് തിന്നുന്ന കാഴ്ച ഇതിനോടകം സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ കാഴ്ച വൈറലായതോടെ ഇതിന് പിന്നിലെ കാരണം തിരയുന്നവരും നിരവധിയാണ്. എന്നാൽ ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഈ പക്ഷികളുടെ സ്ഥിര ഭക്ഷണത്തിൽ ലവണാംശത്തിന്റെ കുറവുണ്ട്, ഇത് നികത്താനാണ് ഇവ ഇങ്ങനെ കൂട്ടമായി വന്ന് കളിമണ്ണ് തിന്നുന്നതെന്നാണ് നിലവിൽ കണ്ടുപിടിച്ചിരിക്കുന്നത്. സാധാരണയായി സസ്യഭുക്കുകളായ ജീവികൾക്ക്‌ ശരീരത്തിൽ ലവണാംശം കുറയാറുണ്ട്. ഇത് നികത്തുന്നതിനായി ഉപ്പുരസമുള്ള പ്രതലങ്ങളിൽ നക്കിയാണ് ഇവ ഇത് നിലനിർത്തുന്നത്.

Read also: ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ അധിക്ഷേപം; ഇന്ന് അഭിമാനമായി കാജലിന്റെ വളർച്ച, വനിതാ ദിനത്തിൽ അറിയാം ഈ പെൺകരുത്തിനെ…

എന്നാൽ ഇത്തരത്തിൽ പക്ഷികൾ കളിമണ്ണ് തിന്നുന്നതോടെ ഇവയുടെ ശരീരത്തിലെ ഇലക്ട്രോ ലൈറ്റുകളുടെ സന്തുലനം നിലനിർത്തുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കുന്നതിനും ഇത് സഹായിക്കും. കളിമണ്ണിൽ നിന്നും പൊട്ടാസ്യവും മഗ്നീഷ്യവും പോലെയുള്ള പോഷകങ്ങളും ഇവയ്‌ക്കു ലഭിക്കുന്നുണ്ട് എന്നും ചിലർ പറയുന്നുണ്ട്. അതേസമയം ചില പഠനങ്ങൾ പ്രകാരം ഈ പക്ഷികളുടെ ഭക്ഷണത്തിൽ വിഷാംശം എത്താനും സാധ്യതയുണ്ട്. ഇവയെ പുറന്തള്ളുന്നതിനും കളിമണ്ണ് കഴിക്കുന്നതുവഴി സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

Read also: ബസ് ഡ്രൈവർ തളർന്നുവീണപ്പോൾ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് രക്ഷകയായ യോഗിത, വിഡിയോ

Story highlights: Macaw Clay Lick in Rainforest