വേറിട്ട ലുക്കിൽ കുഞ്ചാക്കോ ബോബൻ; ശ്രദ്ധനേടി ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്റെ വിശേഷങ്ങൾ…

March 14, 2022

ചോക്ലേറ്റ് ഹീറോ എന്ന ലേബലിൽ നിന്നും കുഞ്ചാക്കോ ബോബൻ സീരിയസ് കഥാപാത്രവും വില്ലൻ കഥാപാത്രവുമടക്കം ഏത് വേഷവും കൈകാര്യം ചെയ്യാൻ കഴിയുന്ന നടനെന്ന് തെളിയിച്ചിട്ട് കാലം കുറച്ചായി. അന്ന് മുതൽ ചാക്കോച്ചൻ സിനിമകളിൽ കാണുന്ന അത്ഭുതത്തിനായി കാത്തിരിക്കാറുമുണ്ട് സിനിമാപ്രേമികൾ. ഇപ്പോഴിതാ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

രസകരമായ പേര് കൊണ്ടുതന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയതാണ് ഈ സിനിമ, ഇപ്പോഴിതാ സിനിമയിലെ ചാക്കോച്ചന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന നൽകുന്ന പോസ്റ്ററാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ചെളിയിൽ കുളിച്ച് നിൽക്കുന്ന താരത്തെയാണ് കാണുന്നത്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തിൽ ചാക്കോച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനോടൊപ്പം ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യ ബാലന്റെ ‘ഷെർനി’ അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ രാകേഷ് ഹരിദാസാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ്, രാജേഷ് മാധവൻ എന്നിവരും സിനിമയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read also: കേരളത്തിൽ മാത്രമല്ല അങ്ങ് ഇന്തോനേഷ്യയിലുമുണ്ട് പറുദീസ ഗാനത്തിന് ആരാധകർ; ശ്രദ്ധനേടി ‘പറുദീസ’യുടെ ഇന്തോനേഷ്യൻ വേർഷൻ

മലയാളത്തിന്റെ പ്രിയനടനാണ് കുഞ്ചാക്കോ ബോബൻ. 1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഈ സ്നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, വൈറസ്, അഞ്ചാംപാതിര, നിഴൽ, ഭീമന്റെ വഴി തുടങ്ങി നിരവധി സിനിമകളിലൂടെ താരം മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നിരവധി ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പടയാണ് താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്.

story highlights: Kunchakko Boban film nna thaan case kodu look