തരൂരിലെ ഫേമസ് ആയിട്ടുള്ള വ്യക്തി ഞാനല്ലേ.. അതിശയിപ്പിക്കുന്ന ആലാപനമികവിനൊപ്പം കുറുമ്പ് വർത്തമാനങ്ങളുമായി ലയനക്കുട്ടി
ചക്കര ചേലുള്ള പെണ്ണെ
എന്റെ കുഞ്ഞുമനസിലെ പൊന്നോ
എന്തൊരു ചന്താടി പൊന്നോ
നിന്നെ നോക്കിക്കൊണ്ടങ്ങനിരിക്കാൻ…
അല്പം വേദനയോടെയല്ലാതെ മലയാളികൾ കേട്ടിരിക്കില്ല ഈ ഗാനം. വിളിച്ചാലൂം കേൾക്കാത്ത ദൂരത്തേക്ക് മാഞ്ഞുപോയ പെൺസുഹൃത്തിന്റെ ഓർമ്മയിൽ അഭിജിത് സേതു വരികൾ എഴുതി സംഗീതം നൽകിയ ഈ നാടൻ പാട്ട് ഉന്മേഷ് വേലപ്പായയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ കേട്ടത്. ഉള്ളിൽ ഒരു നോവോടെ മാത്രം കേൾക്കാൻ കഴിയുന്ന ഈ ഗാനവുമായി കോമഡി ഉത്സവവേദിയിൽ എത്തുകയാണ് ഒരു കുരുന്ന്. ലയന സുരേഷ് എന്ന കുഞ്ഞുമോളാണ് അതിശയിപ്പിക്കുന്ന ആലാപനമികവോടെ വേദിയിൽ എത്തുന്നത്.
പാലക്കാട് സ്വദേശിയായ ലയന സുരേഷിന് പാട്ടും നൃത്തവുമൊക്ക ജീവനാണ്. മൂന്ന് വയസുമുതൽ ഡാൻസും പാട്ടുമൊക്കെ ചെയ്തുതുടങ്ങിയ ഈ കുരുന്ന് ഇതിനോടകം നിരവധി വേദികളും കീഴടക്കികഴിഞ്ഞു. എന്നാൽ ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ലാത്ത ഈ കുഞ്ഞുമോൾ കലയുടെ ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണിപ്പോൾ. കോമഡി ഉത്സവ വേദിയിൽ എത്തിയ ഈ മോളുടെ സംസാരരീതിയും വേദിയിൽ ചിരി നിറയ്ക്കുന്നുണ്ട്. വേദിയിൽ എത്തിയ ലയന മോളോട് എവിടെയാണ് വീട് എന്ന് ചോദിച്ചപ്പോൾ തരൂർ എന്ന് പറഞ്ഞു. എന്നാൽ ചലച്ചിത്രതാരം ബിബിൻ ജോർജ്, തരൂരിൽ ഒരു ഫേമസ് വ്യക്തിയുണ്ടെന്നും അദ്ദേഹത്തെ അറിയാമോ എന്നും ചോദിച്ചപ്പോൾ അത് താനാണെന്ന് നിഷ്കളങ്കമായി പറയുകയാണ് ഈ കുഞ്ഞുമോൾ. ഉടൻ തന്നെ മോൾ കഴിഞ്ഞാൽ ഫേമസ് ആയിട്ടുള്ള ശശി തരൂരിനെ അറിയാമോ എന്നും ചോദിക്കുന്ന വേദിയിൽ രസകരമായി മറുപടി പറയുകയാണ് ഈ കുഞ്ഞ്.
അതേസമയം പ്രായത്തെ പോലും വെല്ലുന്ന ആലാപനമികവോടെയാണ് ഈ കുഞ്ഞുമോൾ കോമഡി ഉത്സവവേദിയിൽ എത്തിയത്. പ്രായഭേദമന്യേ നിരവധി കലാകാരന്മാരെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു കോമഡി ഉത്സവവേദി.
Story highlights: Little girl about Tharoor