ഭീഷ്മപർവ്വം ഗ്യാങ്സ്റ്റർ സിനിമയല്ല, മൈക്കിൾ ഒരു മാഫിയതലവനല്ല; ഭീഷ്മപർവ്വത്തെപ്പറ്റി മനസ്സ് തുറന്ന് നടൻ മമ്മൂട്ടി

March 1, 2022

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഭീഷ്മപർവ്വം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസറിനും പാട്ടുകള്‍ക്കുമൊക്കെ വന്‍ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. മലയാളികൾ കുറെയേറെ നാളുകളായി ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് ‘ഭീഷ്മപർവ്വം.’

ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നടൻ മമ്മൂട്ടി. ‘ഞാന്‍ ചെയ്ത ഗ്യാങ്സ്റ്റർ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്‌സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. താന്‍ അവതരിപ്പിക്കുന്ന ഒരു കഥാപാത്രത്തിന് മറ്റൊരു കഥാപാത്രവുമായി ബന്ധമുണ്ടാകരുതെന്ന് ആഗ്രഹിക്കാറുണ്ടെന്നും അതിനായി അറിഞ്ഞോ അറിയാതെയോ ഒരുപാട് ശ്രമങ്ങള്‍ നടത്താറുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Read More: ‘സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോൾ’- രസകരമായ വിശേഷവുമായി സുപ്രിയ മേനോൻ

മാര്‍ച്ച് 3 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രീ ബുക്കിംഗ് റിസർവേഷന് വമ്പൻ വരവേൽപ്പാണ് ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായത്. കൊവിഡ് ഇളവുകൾ കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ ആദ്യ ദിനം തിയേറ്ററുകൾ പൂരപ്പറമ്പാവുമെന്ന കാര്യത്തിൽ തർക്കമില്ല.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Story Highlights: Mammootty about bheeshmaparvam