‘സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോൾ’- രസകരമായ വിശേഷവുമായി സുപ്രിയ മേനോൻ

March 1, 2022

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. മോഹൻലാലിന് പുറമെ പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരെല്ലാം ചിത്രത്തിൽ അണിനിരന്നിരുന്നു. ചിത്രത്തിൽ വില്ലനായി എത്തിയത് വിവേക് ഒബ്‌റോയ് ആയിരുന്നു. ഇപ്പോഴിതാ, ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരനും വിവേക് ഒബ്‌റോയിയും നടത്തിയ കൂടിക്കാഴ്ചയുടെ വിശേഷം പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.

‘സായിദ് മസൂദും ബോബിയും ഡിന്നറിന് ഒത്തുകൂടിയപ്പോൾ’ എന്ന ക്യാപ്ഷനൊപ്പമാണ് സുപ്രിയ ചിത്രം പങ്കുവെച്ചത്. സായിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ബോബിയായി വിവേക് ഒബ്‌റോയിയും എത്തി. സിനിമയുടെ വിജയത്തിന് പിന്നാലെ ലൂസിഫറിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ചർച്ചയുടെ കൂടികാഴ്ചയാണോ ഇതെന്ന് ആരാധകർ ചോദിച്ചിട്ടുണ്ട്.

സായി കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.  ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാൻ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് ആരാധകർ.

Read Also: ചോദിക്കാൻ പോയാൽ നീയും ഇന്റർവ്യൂ ചെയ്യുവാണോയെന്ന് ചിലപ്പോൾ ചോദിക്കും; മമ്മൂട്ടിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യം പങ്കുവെച്ച് ദുൽഖർ സൽമാൻ

2021ലാണ് എമ്പുരാൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധികൾ അകന്നതോടെ ഉടൻ തന്നെ പൃഥ്വിരാജ്-മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് എമ്പുരാനായി കൈകോർക്കുമെന്ന് ചിത്രം സൂചിപ്പിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയായതിന് ശേഷമേ എമ്പുരാൻ തുടക്കമിടു എന്നും മുരളി ഗോപി പങ്കുവെച്ചിരുന്നു. അതേസമയം, തിരക്കഥ പൂർത്തിയാക്കി തീർപ്പ് എന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ എമ്പുരാൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന.

Story highlights- supriya menon’s instagram post