ഇങ്ങനെയൊക്കെ പാടിയാൽ ആർക്കാണ് ഇഷ്ടപ്പെടാത്തത്; വ്യത്യസ്ത ശബ്ദങ്ങളിൽ അതിഗംഭീരമായി പാടി മേഘ്നക്കുട്ടി
ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക മേഘ്നക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുള്ള പ്രേക്ഷകരെ മുഴുവൻ ആവേശത്തിലാഴ്ത്തുകയാണ് മേഘ്നക്കുട്ടിയുടെ ഏറ്റവും പുതിയ ഗാനം. മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിയ്ക്കുന്ന ‘പച്ചക്കറിക്കായത്തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി..’ എന്ന പാട്ടുമായാണ് മേഘ്നക്കുട്ടി ഇത്തവണ പാട്ട് വേദിയിൽ എത്തിയത്. പാട്ടിനൊപ്പം നൃത്തവും മിമിക്രിയുമൊക്കെയായി വേദിയെ അത്ഭുതപ്പെടുത്തുകയാണ് ഈ കൊച്ചുഗായിക.
‘കിലുക്കാംപെട്ടി’ എന്ന ജയറാം ചിത്രത്തിലെ ഗാനമാണിത്. ജയറാമും ബേബി ശ്യാമിലിയും അഭിനയിച്ച ചിത്രത്തിലെ ഈ ഗാനത്തിന് വരികൾ തയാറാക്കിയത് ബിച്ചു തിരുമലയാണ്. എസ് ബാലകൃഷ്ണൻ സംഗീതം നൽകിയ ഗാനം സിനിമയ്ക്ക് വേണ്ടി ആലപിച്ചത് എംജി ശ്രീകുമാറാണ്. ഇപ്പോഴിതാ എംജിയുടെ മുന്നിൽ ഈ പാട്ടുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കുരുന്ന് ഗായിക മേഘ്നക്കുട്ടി. വിധികർത്താക്കളായ എം ജയചന്ദ്രനും ബിന്നി കൃഷ്ണകുമാറിനുമൊപ്പം ഇത്തവണ സംവിധായകൻ കമലും കുരുന്നുകളുടെ പാട്ട് ആസ്വദിക്കാൻ വേദിയിൽ എത്തിയിരുന്നു. ഈ വേദിയിലാണ് അതിമനോഹരമായ പാട്ടുമായി മേഘ്ന എത്തുന്നത്.
പാട്ട് പാടിയ ശേഷം ഈ പാട്ട് ഒരു മുത്തശ്ശിയുടെ ശബ്ദത്തിൽ പാടാമോ എന്ന എംജിയുടെ ചോദ്യത്തിന് രസകരമായി മറുപടി പറയുന്ന മേഘ്നക്കുട്ടി, പ്രായമായ ആളുടെ ശബ്ദത്തിലും ഈ പാട്ട് ആലപിക്കുന്നുണ്ട്. ഇതിനും മികച്ച സ്വീകാര്യതയാണ് വേദിയിൽ നിന്നും ലഭിച്ചത്. കുസൃതി നിറഞ്ഞ സംസാരവും അസാധ്യമായ ആലാപനവുംകൊണ്ടാണ് മേഘ്ന ഹൃദയം കീഴടക്കാറുള്ളത്.
പാട്ട് പാടാൻ ഓരോതവണ വേദിയിൽ എത്തുമ്പോഴും അതിമനോഹരമായ ആലാപനത്തിനൊപ്പം രസകരമായ സംസാരത്തിലൂടെ പാട്ട് വേദിയിൽ ചിരി പടർത്താറുണ്ട് മേഘ്നക്കുട്ടി. അതുകൊണ്ടുതന്നെ ഈ കുരുന്നിന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുമുണ്ട് ആരാധകർ. ഇത്തവണയും കാത്തിരുന്ന ആരാധകരെ മുഴുവൻ ആവേശത്തിലാഴ്ത്തുന്നുണ്ട് മേഘ്നക്കുട്ടി.
Story highlights: Meghna Amazing Performance