മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം; ഞെട്ടിക്കുന്ന കണ്ടെത്തലിനെക്കുറിച്ച് ഗവേഷകർ

March 28, 2022

പ്ലാസ്റ്റിക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും പ്ലാസ്റ്റിക്ക് പൂർണമായും ഭാഗികമായുമൊക്കെ നിരോധിച്ചും കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ മനുഷ്യരക്തത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡച്ച് ഗവേഷകർ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷകർ നടത്തിയ പരിശോധനയിൽ 77 ശതമാനം ആളുകളുടെയും രക്തത്തിൽ പ്ലാസ്റ്റിക് കണികകൾ കണ്ടെത്തി.

അതേസമയം ഈ റിപ്പോർട്ട് ഏറെ ആശങ്കാജനകമാണ് എന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ദിനപത്രം ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഭക്ഷണത്തിലൂടെയും വായുവിലൂടെയുമെല്ലാം പ്ലാസ്റ്റിക് ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പറയുന്നത്.

ഗവേഷകർ ആളുകളിൽ നടത്തിയ പഠനത്തിൽ 36 ശതമാനം വ്യക്തികളുടെയും രക്തത്തിലാണ് മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. 22 പേരിലാണ് പരിശോധന നടത്തിയത്, ഇതിൽ പതിനേഴ് ആളുകളുടെ രക്തത്തിലും പ്ലാസ്റ്റിക്ക് കണ്ടെത്തി. പരിശോധന നടത്തിയവരിൽ കൂടുതലായും പോളി എത്തിലീൻ ടെറഫ്താലേറ്റ് അഥവാ പിഇടി എന്ന പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇവ സാധാരണയായി ആഹാര പദാർത്ഥങ്ങളും മറ്റും പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളിലും വസ്ത്രങ്ങളും മറ്റും പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളിലുമൊക്കെ കാണപ്പെടുന്ന പ്ലാസ്റ്റിക്കാണ്.

പിഇടിയ്ക്ക് പുറമെ ചിലരുടെ രക്തത്തിൽ പോളിസ്‌റ്റൈറീൻ എന്നയിനം പ്ലാസ്റ്റിക്കിന്റെ കണികകളും കണ്ടെത്തി. വീട്ടുപകരണങ്ങളും മറ്റും നിർമിക്കുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണിത്. അതേസമയം ഇത് വലിയ ആരോഗ്യപ്രശ്ങ്ങൾക്ക് കരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് കണികകൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നുമുള്ളതിനുമുള്ള തെളിവുകളാണ് ഈ കണ്ടെത്തൽ എന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡിക് വേതാക് അഭിപ്രായപ്പെടുന്നത്.

Story highlights: Microplastics found in human blood for the first time