ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം മിതാലിയായി തപ്സി പന്നു; ശ്രദ്ധനേടി ‘സബാഷ് മിതു’ ടീസർ
മിതാലി രാജ്- ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ആരാധനകഥാപാത്രമായ മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ശ്രീജിത്ത് മുഖര്‍ജി. മിതാലിയായി തപ്സി പന്നു വേഷമിടുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. സബാഷ് മിതു എന്ന പേരിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
അതേസമയം രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധ സെഞ്ചുറികൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. (49 അര്‍ധസെഞ്ചുറികള്‍). 16-ാം വയസില്‍ 1999-ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ച മിതാലിയ്ക്ക് ആരാധകർ ഏറെയാണ്.
ന്യൂസിലൻഡിൽ നടക്കുന്ന ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് മിതാലിയിപ്പോൾ. മിതാലിയുടെ അവസാനത്തെ ലോകകപ്പായിരിക്കുമിത്. അതിനാൽതന്നെ വലിയ പ്രതീക്ഷയാണ് മിതാലിയും ടീമും. 2017 ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു മിതാലി. അതേസമയം 34 കാരിയായ മിതാലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Read also:‘ആയിരം കാതം അകലെയാണെങ്കിലും…’ അതിഗംഭീരമായി ആലപിച്ച് ശ്രീഹരി, എഴുന്നേറ്റ് നിന്ന് കൈയടിച്ച് വേദി
നേരത്തെ ബയോപിക്കിന് അനുമതി നല്കിയതിനെക്കുറിച്ച് മിതാലി പ്രതികരിച്ചിരുന്നു. ’90 കളിൽ ക്രിക്കറ്ററാവണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിക്ക് മുൻപിൽ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. അവിടം തൊട്ട് ഇവിടെ വരെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പരിണാമം പ്രശംസനീയമാണ്. 2017 ലോകകപ്പ് ഒരുപാട് പെൺകുട്ടികൾക്ക് ക്രിക്കറ്ററാവാനുള്ള പ്രചോദനമായിട്ടുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രം എല്ലാവരും അറിയണമെന്നുണ്ടായിരുന്നു.’ എന്നാണ് മിതാലി പറഞ്ഞത്.
ചിത്രത്തിന് വേണ്ടിയുള്ള തപ്സിയുടെ കഠിനാദ്ധ്വാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരം മിതാലിയുടെ ജീവിതവുമായി പ്രിയനായിക തപ്‌സി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്.
Story highlights; Mithali Raj film shabaash mithu teaser