ശ്രീനന്ദിന് വേണ്ടി കൈകോർക്കാം; അഭ്യർത്ഥനയുമായി മോഹൻലാലും
കളിച്ചുനടക്കേണ്ട പ്രായത്തിൽ വിധി ക്രൂരത കാട്ടിയ കുഞ്ഞ് ബാലനാണ് ശ്രീനന്ദൻ. രണ്ട് മാസങ്ങൾക്ക് മുൻപാണ് ശ്രീനന്ദന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ ചികിത്സയിൽ കഴിയുന്ന ഈ ഏഴ് വയസുകാരന് വേണ്ടി അഭ്യർത്ഥനയുമായി നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരും എത്തുകയാണ്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രീനന്ദന് രക്തം മാറ്റി വെച്ചാണ് ഇപ്പോൾ ജീവൻ നിലനിർത്തിക്കൊണ്ടിരുന്നത്. എന്നാൽ ശ്രീനന്ദന്റെ രക്തം ഉത്പാദിപ്പിക്കുന്ന രക്തമൂല കോശം നശിച്ച് ശരീരം രക്തം ഉത്പാദിപ്പിക്കാത്ത അവസ്ഥയിലാണ്. രക്ത മൂല കോശം മാറ്റിവെക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇതിനായി രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്നുള്ള ശ്രമത്തിലാണ് ഇപ്പോൾ ബന്ധുക്കളും അധികൃതരും.
ഇതിനായി മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. രാവിലെ 9.30നും 5.30 നും ഇടയിൽ നടക്കുന്ന ക്യാമ്പിൽ 15 നും -50 നും ഇടയിൽ പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. ഇതിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടാണ് മോഹൻലാൽ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാലിൻറെ കുറിപ്പിന്റെ പൂർണരൂപം…
നമുക്ക് കൈകോർക്കാം, ശ്രീനന്ദന് വേണ്ടി…ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാൽ രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്.
ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളിൽ സാമ്യമുള്ള ഒരു ദാതാവിൽ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്.
ദാതാവിനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965, കുട്ടിയുടെ അമ്മാവനായ ജോയി – 9447018061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്റെ ജീവൻ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയിൽ കൈകോർക്കാം..
Story highlights; Mohanlal post about sreenandan who suffered blood cancer