ധീരമായ സേവനങ്ങൾക്കൊടുവിൽ സിംബ വിടപറഞ്ഞു; ബോംബ് സ്ക്വാഡ് നായയ്ക്ക് ഗൺ സല്യൂട്ട് നൽകി മുംബൈ പോലീസ്- വിഡിയോ
പോലീസ് സ്ക്വാഡിൽ വളരെയധികം പ്രാധാന്യമുണ്ട് നായകൾക്ക്. കാരണം അവ മണം പിടിച്ച് കുറ്റവാളികളെയും അപകടകരമായ വസ്തുക്കളും കണ്ടെത്തി പോലീസിനെ സഹായിക്കും. ആളുകളുടെ ജീവൻ രക്ഷിക്കാനും അവരെ സുരക്ഷിതരാക്കാനും നായയുടെ ഈ സാന്നിധ്യം സഹായകരമാണ്. അതുകൊണ്ടുതന്നെ ജീവൻ വെടിയുമ്പോഴും അവയ്ക്ക് അങ്ങേയറ്റം ആദരവ് നൽകാൻ പോലീസ് സ്ക്വാഡ് ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ, മുംബൈയിലെ ബോംബ് സ്ക്വാഡ് അംഗമായിരുന്ന നായയായ സിംബ 9 വർഷത്തോളമുള്ള സേവനത്തിനൊടുവിൽ ജീവൻ വെടിഞ്ഞപ്പോഴും ഉള്ളുതൊടുന്ന വിടപറച്ചിലാണ് പോലീസ് ഒരുക്കിയിരുന്നത്. മുംബൈ പരേലിലെ മൃഗാശുപത്രിയിലാണ് സംസ്കരിച്ചത്. ശവസംസ്കാര ചടങ്ങുകളുടെ ഹൃദയസ്പർശിയായ ഒരു വിഡിയോ മുംബൈ പോലീസ് പങ്കുവെച്ചിരിക്കുകയാണ്.
നമ്മുടെ ഏറ്റവും മികച്ചവന് ഒരു ത്രീ ഗൺ സല്യൂട്ട്!’ മുംബൈ പോലീസ് വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നു. ‘സിംബ സമാധാനത്തോടെ വിശ്രമിക്കൂ. ഞങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല കൂട്ടുകാരനും സംരക്ഷകനുംനീയായിരുന്നു’- പോസ്റ്റിൽ പറയുന്നു. ശവസംസ്കാരത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘നായ്ക്കൾ നിസ്വാർത്ഥവും നിരുപാധികവുമായ സ്നേഹത്തിന്റെ ജീവനുള്ള ആൾരൂപമാണ്… RIP സിംബ, നിങ്ങളുടെ സേവനത്തിന് നന്ദി’ എന്നാണ് ഒരാൾ വിഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. 2013ലാണ് സിംബ പോലീസ് സേനയിൽ ചേർന്നത്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ പരിശീലനം നേടിയ സിംബ വിവിഐപി, വിഐപി ബന്ദോബസ്റ്റിന് വേണ്ടി പ്രവർത്തിച്ചിരുന്നു.
Read Also: ഇന്ന് ലോക വൃക്കദിനം; ചൂടുകാലത്ത് അധ്വാനം കൂടുന്ന വൃക്കകളും അവയുടെ ആരോഗ്യസംരക്ഷണവും
കഴിഞ്ഞ ഒന്നര മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു സിംബ. അതേസമയം, 2013-ൽ നടന്ന മുംബൈ ആക്രമണത്തിന് ശേഷം ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിന്റെ ഭാഗമായിരുന്ന പ്രിൻസ് എന്ന സ്നിഫർ ഡോഗിന് ആദരവായി 21 തവണ ആകാശത്തേക്ക് വെടിയുതിർത്ത് സല്യൂട്ട് നൽകിയത് വാർത്തയായിരുന്നു. മുംബൈ പോലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡിലെ 25ലധികം ഉദ്യോഗസ്ഥർ നായയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
Story Highlights- Mumbai police says goodbye to bomb squad dog