ഇന്ന് ലോക വൃക്കദിനം; ചൂടുകാലത്ത് അധ്വാനം കൂടുന്ന വൃക്കകളും അവയുടെ ആരോഗ്യസംരക്ഷണവും

March 10, 2022

ഇന്ന് ലോക വൃക്കദിനമാണ്. മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴ്ചയാണ് വൃക്കദിനമായി ആചരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് കിഡ്നി ഫൗണ്ടേഷന്‍സും ഇന്റര്‍നാഷ്ണല്‍ സൊസൈറ്റി ഓഫ് നെഫ്രേളജിയും ചേര്‍ന്നാണ് ഇത്തരത്തില്‍ വൃക്കകള്‍ക്കായി ഒരു ദിനം നല്‍കിയിരിക്കുന്നത്.

വൃക്കകള്‍ ശരീരത്തില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പലതരത്തില്‍ മനുഷ്യ ശരീരത്തിലെത്തുന്ന മാലിന്യങ്ങളെ അരിച്ചുമാറ്റുന്നത് ഈ വൃക്കകളാണ്. എന്നാല്‍ നമ്മുടെ പല ജീവിതശൈലികളും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട് പലപ്പോഴും. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ വൃക്ക രോഗങ്ങളും വര്‍ധിച്ചുവരികയാണ് ഇക്കാലത്ത്. വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന് എന്തെല്ലാം കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് ചൂടും കൂടി. ചൂടുകാലം പൊതുവേ വൃക്കകള്‍ക്ക് അധ്വാനം കൂടുതലുമാണ്. വൃക്കള്‍ക്ക് നേരിടേണ്ടി വരുന്ന ചെറിയ തരത്തിലുള്ള ക്ഷീണം പോലും ശരീരത്തെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടു തന്നെ ഈ ചൂടുകാലത്ത് വൃക്കകളുടെ ആരോഗ്യകാര്യത്തില്‍ ഒരല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. പലവിധ രോഗങ്ങളാണ് ഇന്ന് വൃക്കകളെ ബാധിക്കുന്നത്. കിഡ്നി സ്റ്റോണ്‍ ആണ് ഇത്തരം രോഗങ്ങളില്‍ പ്രധാനം. ചൂടുകാലത്ത് കിഡ്നി സ്റ്റോണ്‍ പലരിലും വ്യാപകമായി കണ്ടുവരാറുണ്ട്. ചൂടുകാലത്ത് കിഡ്നി സ്റ്റോണിന്റെ കാഠിന്യം ഇരട്ടിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. വെള്ളം ധാരാളമായി കുടിച്ചാല്‍ ഒരു പരിധിവരെ പലവിധ രോഗങ്ങളില്‍ നിന്നും വൃക്കകളെ സംരക്ഷിക്കാം. ചൂടുകാലമായതിനാല്‍ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടപ്പെടും. ശരീരത്തിലെ ജലത്തിന്റെ അളവ് സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തേണ്ടതും വൃക്കകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Read also: കോട്ടയം പ്രദീപിനെ വേദിയിൽ ഓർമ്മിപ്പിച്ച് യുവതാരങ്ങൾ, കൈയടിച്ചും കണ്ണീരണിഞ്ഞും വേദി

നാരങ്ങാവെള്ളം, സംഭാരം, രാമച്ചം, തുളസിയില, കരിങ്ങാലി തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാല്‍ ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് അധികമായാല്‍ വൃക്കകള്‍ക്ക് അത് അത്ര നല്ലതല്ല. അമിതമായ ഉപ്പിന്റെ ഉപയോഗം കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് കൂടുതല്‍ നല്ലത്. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, കോളകള്‍, ഓക്സലേറ്റ് അധികമുള്ള പാനിയങ്ങള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുപോലെതന്നെ ചൂടുകാലത്ത് പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രോട്ടീന്‍ അധികമായാല്‍ യൂറിക് ആസിഡ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവ കിഡ്നി സ്റ്റോണ്‍ സാധ്യതയും വര്‍ധിപ്പിക്കും.

Story highlights: World Kidney Day-2022