82-ാം വയസിലും ‘ഫിറ്റ് ആൻഡ് ഫൈൻ’; കയ്യടി നേടി വിരമിച്ച നഴ്സിങ് സൂപ്രണ്ടിന്റെ വർക്കൗട്ട് വീഡിയോ..!

February 16, 2024

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന് വലിയ പങ്കുണ്ട്. അതിനായി സ്ഥിരമായി ജിമ്മില്‍ പോകാനോ അല്ലെങ്കില്‍ സ്വന്തമായി വ്യായാമം ചെയ്യാനും തീരുമാനമെടുക്കുവര്‍ കുറവല്ല. എന്നാല്‍ ഇത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ പാതിവഴിയില്‍ അവസാനിപ്പിക്കുന്നവരാണ് കൂടുതലും. പല ജീവിതശൈലീ രോഗങ്ങളുടെയും അടിസ്ഥാനം വ്യായാമമില്ലായ്മ തന്നെയാണ് എന്ന് വിദഗ്ധര്‍ അടിവരയിടുന്നു. ഇതെല്ലം വായിച്ചും കണ്ടും മനസ്സിലാക്കിയിട്ടും ബാഹ്യ ഘടകങ്ങള്‍, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ അടക്കമുള്ള കാരണങ്ങളാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നത്. ( Retired nursing superintendent stuns with her excercise routine )

എന്നാല്‍ ജീവിതം ആഘോഷമാക്കാനുള്ളതാണ്. അത് വീര്‍പ്പുമുട്ടലുകളോടെ ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കി തീര്‍ക്കാനുള്ളതല്ല. പ്രായം ഒന്നിനും ഒരു തടസമല്ല എന്ന് പറയാറുണ്ട്. സ്വപ്നങ്ങള്‍ നേടിയെടുക്കാനും പുതിയ തുടക്കങ്ങള്‍ക്കുമെല്ലാം പ്രായത്തിന്റെ ആകുലതകളില്‍ പിന്നോട്ട് വലിയുന്നവരുണ്ട്. എന്നാല്‍, കാലങ്ങളായി തുടരുന്ന പ്രത്യേക ചിട്ടകളിലൂടെ പ്രായത്തെ തോല്‍പ്പിക്കുന്നവരുണ്ട്. അത്തരത്തില്‍ ഒരാളാണ് 82 വയസുള്ള ഒരു വിരമിച്ച നഴ്‌സിങ് സുപ്രണ്ട്.

82-കാരിയായ ഒരു അമ്മ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വിഡിയോ വൈറലായതോടെ വീണ്ടും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഫിറ്റ് ആന്‍ഡ് ഫൈന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. വീഡിയോയുടെ കൂടെ ചേര്‍ത്തിട്ടുള്ള കുറിപ്പില്‍ പ്രകാരം പെരിന്തല്‍മണ്ണ സ്വദേശിയായ 82-കാരി ഇ്ന്ദിരയാണ് വ്യായാമത്തിനായി ജിമ്മിലെത്തുന്നത്. മെഡിക്കല്‍ കോളേജ് നഴ്‌സിങ് സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത ഇന്ദിര വിശ്രമജീവിതം കൂടുതല്‍ ആനന്ദകരമാക്കുന്നതിനായിട്ടാണ് പതിവായി ജിമ്മിലെത്തുന്നത്.

Read Also: എൺപതാം വയസിലും വ്യയാമത്തിന് മുടക്കമില്ല- കയ്യടി നേടി വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ

മുത്തശ്ശി കനത്ത ഭാരം ഉയര്‍ത്തുന്നതും വിവിധ വ്യായാമങ്ങള്‍ ചെയ്യുന്നതും വിഡിയോയില്‍ കാണാം. മുത്തശ്ശിയുടെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പ്രചോദിപ്പിച്ചു. വീഡിയോയുടെ താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആളുകള്‍ എത്തുന്നത്. ‘ഇതൊക്കെ കാണുമ്പോഴാണ് എനിക്ക് എന്നെത്തന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്, നാളെ തൊട്ട് വല്ലിമ്മാനെ പറഞ്ഞയക്കണം, അമ്മേടെ വര്‍ക്ക് ഔട്ട് കണ്ടു ഏറെ സന്തോഷവും പ്രചോദനവും തോന്നുന്നു…’ എന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍. ഏതായാലും വിശ്രമിക്കേണ്ട പ്രായം എന്ന മുന്‍വിധിയെ ഇതിലൂടെ തകര്‍ക്കുകയാണ് ഇന്ദിരാമ്മ.

Story highlights : Retired nursing superintendent stuns with her excercise routine