പരിശോധനയിൽ ആൽക്കഹോൾ സാന്നിധ്യം, എന്നാല്‍ കുടിച്ചിട്ടില്ലെന്ന് യുവാവ്; എന്താണ് ഓട്ടോ ബ്രൂവറി സിൻഡ്രോം?

April 24, 2024

മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമപരമായി കുറ്റകരമാണ്. ഇത്തരത്തില്‍ മദ്യലഹരിയില്‍ വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി ബ്രെത്ത് അനലൈസര്‍ എന്ന ഉപകരണമാണ് അധികൃതര്‍ ഉപയോഗിക്കുന്നത്. അത്തരത്തില്‍ മദ്യപിച്ച് വാഹനമോടിച്ചു എന്ന സംഭവത്തില്‍ ഒരു യുവാവ് ബെല്‍ജിയന്‍ പൊലീസിന്റെ പിടിയിലായി. ഇതോടെയാണ് ശരീരത്തില്‍ മദ്യം സ്വയം ഉല്‍പാദിപ്പിക്കപ്പെടുന്ന അപൂര്‍വരോഗം ബാധിച്ചിരിക്കുകയാണെന്ന് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ( What is Auto Brewery Syndrome )

ബെല്‍ജിയന്‍ പൊലീസാണ് വാഹന പരിശോധനയ്ക്കിടെ യുവാവിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. ഇതോടെ നടത്തിയ രക്ത സാമ്പിളിന്റെ പരിശോധനയിലും യുവാവിന്റെ ശരീരത്തില്‍ അനുവദിനീയമായ അളവിലും കൂടുതല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി. കോടതിയ്ക്ക് മുന്നിലും താന്‍ മദ്യപിച്ചിട്ടില്ലെന്ന തന്റെ വാദത്തില്‍ യുവാവ് ഉറച്ചുനിന്നു.

ഇതോടെ കോടതിയുടെ നിര്‍ദേശപ്രകാരം വീണ്ടും പരിശോധന നടത്തിയപ്പോഴും ആല്‍ക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പരിശോധന നടത്തിയെങ്കിലും മദ്യപിക്കാത്ത യുവാവിന്റെ രക്തത്തില്‍ ആല്‍ക്കഹോള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് യുവാവിന്റെ ശരീരത്തില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന രോഗാവസ്ഥ കണ്ടെത്തിയത്. ഓട്ടോ ബ്രൂവറി സിന്‍ഡ്രോം (എബിഎസ്) എന്നാണ് ഇതിനെ അറിയപ്പെടുന്നത്. രോഗം സ്ഥിരീകരിച്ചതോടെ നിപരാധിത്വം മനസിലാക്കിയ കോടതി യുവാവിനെ വെറുതെവിട്ടു.

എബിഎസ് ഒരു ജനിതക രോഗമല്ലെന്നും ശാരീരിക അവസ്ഥയാണെന്നുമാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടാകുമെങ്കിലും ലഹരി അനുഭവപ്പെടില്ലെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഓട്ടോ-ബ്രൂവറി സിന്‍ഡ്രോം, ഗട്ട് ഫെര്‍മെന്റേഷന്‍ എന്ന പേരിലും അറിയപ്പെടും.

Read Also : റെയിൽവേ സ്റ്റേഷനിലെ കൂലി, സൗജന്യ വൈഫൈ ഉപയോഗിച്ചുള്ള പഠനം; ഇന്ന് ഐഎഎസ് തിളക്കത്തിൽ ശ്രീനാഥ്!

1952-ല്‍ ജപ്പാനിലാണ് ഈ ശാരീരികാവസ്ഥ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 1990-ല്‍ മാത്രമാണ് ഇത് രോഗമായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. കുടലിലെ ചില ഫംഗസിന്റെ അമിത വളര്‍ച്ച കാര്‍ബോഹൈഡ്രേറ്റുകളെ ആല്‍ക്കഹോളാക്കി മാറ്റുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്.

Story highlights : What is Auto Brewery Syndrome