മെക്സിക്കോയും കീഴടക്കി നദാലിന്റെ ജൈത്രയാത്ര തുടരുന്നു; 2022-ലെ മൂന്നാം കിരീടം നേടി സ്പാനിഷ് താരം
കുറച്ച് മാസങ്ങൾക്ക് മുൻപ് പരുക്കിന്റെ പിടിയിലായി ടെന്നീസ് കരിയർ തന്നെ അവസാനിച്ചു എന്ന് കരുതിയിരുന്ന സ്പാനിഷ് താരം റാഫേൽ നദാലിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇപ്പോൾ ടെന്നീസ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി റെക്കോർഡിട്ട നദാൽ ഇപ്പോൾ മെക്സിക്കൻ ഓപ്പൺ കിരീടം നേടിയിരിക്കുകയാണ്. ബ്രിട്ടീഷ് താരം കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് നദാൽ കിരീടം നേടിയത്.
2022-ൽ നദാലിന്റെ തുടർച്ചയായ മൂന്നാം കിരീടമാണ് മെക്സിക്കോയിലേത്. നദാലിന്റെ നാലാം മെക്സിക്കൻ ഓപ്പൺ കിരീടം കൂടിയാണ് ഇത്. കരിയറില്‍ 91 കിരീടങ്ങളാണ് ഇതുവരെ നദാൽ ആകെ നേടിയത്. ഈ വര്‍ഷം മെല്‍ബണ്‍ സമ്മര്‍ സെറ്റും ഓസ്ട്രേലിയന്‍ ഓപ്പണും നദാല്‍ നേടിയിരുന്നു.
Read More: 37 വർഷങ്ങൾക്ക് മുൻപും ശേഷവും- ശ്രദ്ധനേടി മമ്മൂട്ടിയുടേയും നദിയ മൊയ്തുവിന്റേയും ചിത്രങ്ങൾ
നേരത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവിനെ തകര്‍ത്ത് നദാല്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. ഈ വിജയത്തോടെ ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ആവേശകരമായ മത്സരമാണ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ നടന്നത്. ആദ്യ രണ്ട് സെറ്റുകളും നേടിയ മെദ്വെദേവ് അനായാസവിജയം നേടുമെന്നുറപ്പായ സന്ദർഭത്തിലാണ് പിന്നീടുള്ള മൂന്ന് സെറ്റുകളും പൊരുതി നേടി നദാൽ ചരിത്രനേട്ടം സ്വന്തമാക്കിയത്. നദാല്‍ നേടുന്ന രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്.
Story Highlights: Nadal wins mexican open