ത്രില്ലടിപ്പിച്ച് ഒരു ഡ്രൈവ്; നൈറ്റ് ഡ്രൈവ് റിവ്യൂ
ഒരൊറ്റ രാത്രികൊണ്ട് ചിലപ്പോൾ ജീവിതം മാറിമറിഞ്ഞേക്കാം… പുലിമുരുകൻ സംവിധായകൻ വൈശാഖിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്കിയ നൈറ്റ് ഡ്രൈവ് എന്ന ചിത്രം പറയുന്നതും ഒരൊറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ്. ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായ ഒരു രാത്രി… ഭീതിയും ആകാംഷയും നിറയ്ക്കുന്ന ആ രാത്രിയിലെ സംഭവങ്ങളെ കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന പ്രേക്ഷകരെ രണ്ടര മണിക്കൂർ തിയേറ്ററിൽ പിടിച്ചിരുത്തുമെന്നുറപ്പ്.
മലയാളത്തിന്റെ പ്രിയതാരങ്ങളായ റോഷൻ മാത്യുവും അന്ന ബെന്നും മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം വലിയ ആർഭാടങ്ങൾ ഇല്ലാതെയാണ് പ്രേക്ഷകരിലേക്കെത്തിയത്. എന്നാൽ ത്രില്ലർ സ്വഭാവമുള്ള ചിത്രം വലിയ രീതിയിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു. നർമത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്നതാണ് ചിത്രത്തിന്റെ ആദ്യഭാഗമെങ്കിലും പിന്നീട് ചിത്രം സീരിയസ് ആകുന്നതോടെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സങ്കീർണതകളും അതേ രീതിയിൽ കാഴ്ചക്കാരിലേക്കും എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
പ്രണയിതാക്കളായ ജോർജിയുടെയും റിയയുടെയും ജീവിതത്തിൽ അവിചാരിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. യൂബർ ഡ്രൈവറായ ചെറുപ്പക്കാരനാണ് ജോർജി. ജേർണലിസ്റ്റാണ് റിയ. റിയയുടെ ജന്മദിനത്തിൽ ഇരുവരും ചേർന്ന് ഒരു യാത്ര പോകാൻ തീരുമാനിക്കുന്നു. എല്ലാ തിരക്കുകളിൽ നിന്നും മാറി അല്പം സമാധാനമായി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്ന ഇരുവരുടെയും ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങൾ അവരെ കൊണ്ടെത്തിക്കുന്നത് വലിയ ഊരാക്കുടുക്കിലേക്കാണ്. ചിത്രത്തിന്റെ ടാഗ് ലൈനിൽ പറയുന്ന പോലെ വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുന്ന അവസ്ഥ.
അതേസമയം ജോർജിയായി എത്തിയ റോഷനും റിയയായി എത്തിയ അന്നയും മികച്ച കഥാപാത്രങ്ങളെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ചുവെന്നുവേണം പറയാൻ. അതിന് പുറമെ ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും അതിമനോഹരമാകുന്നുണ്ട്. കഥാപാത്രങ്ങൾ താരതമ്യേന കുറവായ ചിത്രത്തിൽ പക്ഷെ എത്തിയവരൊക്കെ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിൽ എടുത്തുപറയേണ്ടത് പൊലീസ് ഓഫീസറായി എത്തുന്ന ഇന്ദ്രജിത്ത് സുകുമാരനെയും കലാഭവൻ ഷാജോണിനെയുമാണ്. ഒപ്പം സിദ്ധിഖ്, രഞ്ജി പണിക്കർ, സന്തോഷ് കീഴാറ്റൂർ, മുത്തുമണി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലെ മികവിനൊപ്പം എടുത്തുപറയേണ്ടത് സിനിമയുടെ ശക്തമായ തിരക്കഥയാണ്. സങ്കീർണമായ ഒരു വിഷയത്തെ വളരെ കൺവിൻസിങ്ങായി അവതരിപ്പിച്ചത് നവാഗതനായ അഭിലാഷ് പിള്ളയാണ്. രാത്രിയുടെ കഥ പറഞ്ഞ കാമറാമാൻ ഷാജിയും ചിത്രം സംയോജനം നിര്‍വഹിച്ച സുനില്‍ എസ് പിള്ളയും സംഗീതംകൊണ്ട് സിനിമയുടെ മൂഡ് തന്നെ മാറ്റിയ രഞ്ജിൻ രാജുമൊക്കെ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ട്.
മലയാളത്തിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രം നൈറ്റ് ഡ്രൈവും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ സ്ഥിരം സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തതകളുമായാണ് നൈറ്റ് ഡ്രൈവ് എത്തിയത്. പുലിമുരുഗൻ, പോക്കിരിരാജ, മധുരരാജ, മല്ലു സിംഗ് അടക്കമുള്ള മെഗാഹിറ്റ് ചിത്രങ്ങളുടെ സംവിധായാകനാണ് വൈശാഖ്. ഈ ചിത്രങ്ങളിലൂടെ മലയാളത്തിലെ മെഗാ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും വരെ അവരുടെ ഏറ്റവും വലിയ വിജയചിത്രങ്ങൾ നൽകിയതും ഈ സംവിധായകൻ തന്നെയാണ്.
Story highlights: Night Drive Review