സ്ത്രീകളുടെ മനക്കരുത്തിന്റെ കഥയുമായി എത്തിയ ‘ഒരുത്തീ’; ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു

നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിക്കുന്ന ഒരുത്തീ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സ്ത്രീകളുടെ മനക്കരുത്തിന്റെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരുത്തീ 2 എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. ദി ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വരുന്ന സിനിമ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.
Read Also: കുറുമ്പും കുസൃതിയുംനിറഞ്ഞ വർത്തമാനങ്ങളുമായി ടിയക്കുട്ടി, ഒരു മില്യണടിച്ച് സൂപ്പർ ബേബി
ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്.
Story highlights- oruthee 2 announcement