‘വൈകാതെ അശ്വിൻ കുംബ്ലെയെ മറികടക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ

March 9, 2022

മൊഹാലി ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തിലൂടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഇതിഹാസ താരം കപിൽ ദേവിനെയാണ് അശ്വിൻ മറികടന്നത്. 131 ടെസ്റ്റില്‍ നിന്ന് 434 വിക്കറ്റായിരുന്നു കപിലിന്റെ സമ്പാദ്യം. അനിൽ കുംബ്ലെ മാത്രമാണ് ഇനി വിക്കറ്റ് വേട്ടയിൽ അശ്വിന് മുൻപിലുള്ളത്. 619 വിക്കറ്റാണ് കുംബ്ലെ നേടിയിട്ടുള്ളത്.

ഇപ്പോൾ അശ്വിൻ കുംബ്ലെയെയും മറികടക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. ഈ നേട്ടത്തിനായി അശ്വിൻ ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ടെന്നും 11 വർഷത്തെ അശ്വിന്റെ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടമെന്നും പാർഥിവ് പറഞ്ഞു. ചെന്നൈ സൂപ്പർകിങ്സിൽ അശ്വിനോടൊപ്പം ഒരുമിച്ച് കളിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങളും പട്ടേൽ ഓർത്തെടുത്തു. ഇതിഹാസ താരമായ ശ്രീലങ്കൻ സ്‌പിന്നർ മുരളീധരനൊപ്പം അശ്വിൻ വളരെയേറെ സമയം ചിലവഴിച്ചിട്ടിട്ടുണ്ടെന്നാണ് പട്ടേൽ പറയുന്നത്.

ഇപ്പോഴത്തെ ഫോം തുടർന്നാൽ അനിൽ കുംബ്ലെയുടെ റെക്കോർഡ് അശ്വിന് മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. “അനില്‍ കുംബ്ലെ, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ചേര്‍ത്തു വായിക്കേണ്ട പേരാണ് അശ്വിന്‍റേത്. 11 വര്‍ഷത്തെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് അശ്വിന്‍റെ ഈ നേട്ടം. അതിനായി അശ്വിന്‍ ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. കളിയെക്കുറിച്ച് നല്ല ധാരണയുള്ള അശ്വിന്‍ പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതേ ഫോം തുടര്‍ന്നാല്‍ അനില്‍ കുംബ്ലെയുടെ 619 ടെസ്റ്റു വിക്കറ്റുകളെന്ന നേട്ടത്തിന് അടുത്തെത്താനോ ഒരുപക്ഷെ അത് മറികടക്കാനോ അശ്വിന് കഴിഞ്ഞേക്കും. 2008 ല്‍ ഞങ്ങള്‍ രണ്ടുപേരും ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. അന്നേ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അശ്വിന് ഉത്സാഹമായിരുന്നു. അക്കാലഘട്ടത്തില്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പവും അദ്ദേഹം ഏറെ സമയം ചെലവഴിക്കുന്നത് കാണാമായിരുന്നു” – ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

Read More: കെ ജി എഫ് സംവിധായകന്റെ പുതിയ ചിത്രം സലാറിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും

ശ്രീലങ്കക്കെതിരെയുള്ള പരമ്പര തുടങ്ങുമ്പോൾ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടക്കാന്‍ അഞ്ച് വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടിയിരുന്നത്. മൊഹാലി ടെസ്റ്റില്‍ തന്നെ അദ്ദേഹം നേട്ടം സ്വന്തമാക്കി. വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്നതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച 10 വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും അശ്വിൻ ഇടം നേടിയിരുന്നു.

Story Highlights: Parthiv patel about ashwin’s record