മമ്മൂട്ടി ചിത്രം ‘പുഴു’ ഒടിടിയിൽ തന്നെ; സ്ഥിരീകരിച്ച് സംവിധായിക

March 16, 2022

മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർതാരം മമ്മൂട്ടിയുടെ ‘പുഴു.’ മമ്മൂട്ടിക്കൊപ്പം പുതിയ തലമുറയിലെ ഏറ്റവും മികച്ച മലയാളം നടിമാരിലൊരാളായ പാർവതി തിരുവോത്തും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമൊക്കെ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നടൻ മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ട്രെയ്‌ലറും പോസ്റ്ററുമൊക്കെ നൽകുന്ന സൂചന. ചിത്രം ഒടിടി റിലീസായിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിനെക്കുറിച്ച് സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ ‘പുഴു’വിന്റെ റിലീസിനെ പറ്റി ചിത്രത്തിന്റെ സംവിധായിക തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

‘പുഴു’ ഒടിടി റിലീസ് തന്നയായിരിക്കുമെന്നാണ് സംവിധായിക രതീന പറയുന്നത്. സോണി ലിവിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്.

Read More: ഷറഫുദ്ദീന്റെ നായികയായി ഭാവന വീണ്ടും മലയാളത്തിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ ഒരുങ്ങുന്നു

മമ്മൂട്ടിക്കും പാർവതിക്കുമൊപ്പം നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സെല്ലുലോയ്ഡിന്‍റെ ബാനറിൽ എസ് ജോര്‍ജ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് ‘പുഴു’വിന്റെ സഹനിര്‍മ്മാണവും വിതരണവും ചെയ്തിരിക്കുന്നത്. ദുൽ‌ഖർ ചിത്രമായ ‘സല്യൂട്ടും’ സോണി ലിവിലൂടെയാണ് പ്രദർശനത്തിനെത്തുന്നത്. മാർച്ച് 18 നാണ് ചിത്രത്തിന്റെ റിലീസ്.

Story Highlights: Puzhu ott release