സഞ്ജു സാംസൺ ലോകത്തെ ഏത് ഗ്രൗണ്ടിലും ബൗണ്ടറി നേടുമെന്ന് രവി ശാസ്ത്രി

March 30, 2022

ഈ വർഷത്തെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയപ്പോൾ തിളങ്ങിയത് നായകനായ സഞ്ജു സാംസൺ തന്നെയായിരുന്നു. ഒരു ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ സഞ്ജു 5 സിക്സും 3 ബൗണ്ടറിയും ഉൾപ്പെടെ 27 പന്തിൽ 55 റൺസാണ് നേടിയത്. സഞ്ജുവിന്റെ തകർപ്പൻ പ്രകടനം തന്നെയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്.

നിരവധി പ്രമുഖരാണ് സഞ്ജുവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ മുൻ ഇന്ത്യൻ കോച്ച് കൂടിയായ രവി ശാസ്ത്രി സഞ്ജുവിനെ പുകഴ്ത്തി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലോകത്തെ ഏത് ഗ്രൗണ്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്നാണ് രവി ശാസ്ത്രി പറഞ്ഞത്.

Read More: ബംഗാളി ഗാനത്തിന് നാടൻ ചുവടുകളുമായി അമേരിക്കൻ വംശജൻ- വിഡിയോ

“പൂനെയില്‍ കളിക്കാന്‍ അവന് ഇഷ്ടമാണ്. മുമ്പ് ഇതേ ഗ്രൗണ്ടില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. ഹൈദരാബാദിനെതിരേയും മനോഹരമായി കളിച്ചു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഷോട്ട് സെലക്ഷനൊക്കെ ഗംഭീരമായിരുന്നു. വിക്കറ്റിന്റെ പേസും മനസിലാക്കിയാണ് അവന്‍ ബാറ്റ് വീശിയത്. പന്ത് ടേണ്‍ ചെയ്യുന്നില്ലെന്ന് സഞ്ജുവിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ലോകത്തെ ഏത് ഗ്രൗണ്ടും ക്ലിയര്‍ ചെയ്യാനുള്ള കരുത്ത് അവനുണ്ട്. അഞ്ച് ഓവര്‍ കൂടി അവന്‍ ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ സ്‌കോര്‍ 230 കടക്കുമായിരുന്നു. ടീമിന് ആവശ്യമായ ആക്രമണോത്സുകത സഞ്ജു കാണിച്ചു.” ശാസ്ത്രി വ്യക്തമാക്കി.

രാജസ്ഥാന് വേണ്ടി നൂറാമത്തെ മത്സരത്തിനാണ് സഞ്ജു ഇന്നലെ ഇറങ്ങിയത്. തന്റെ സെഞ്ചുറി മത്സരം രാജകീയമായി തന്നെയാണ് സഞ്ജു കളിച്ചത്. അർധ ശതകത്തിനൊപ്പം ഒരു പിടി റെക്കോർഡുകളും ഇന്നലത്തെ മത്സരത്തിൽ സഞ്ജു തന്റെ പേരിലാക്കി.

ഇന്നലെ തന്റെ ഇന്നിംഗ്‌സിൽ നേടിയ 5 സിക്സറുകളോടെ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായി മാറിയിരിക്കുകയാണ് സഞ്ജു. 110 സിക്സറുകളാണ് സഞ്ജു രാജസ്ഥാന് വേണ്ടി അടിച്ചു കൂട്ടിയത്. മുൻ രാജസ്ഥാൻ താരം ഷെയ്ൻ വാട്സണെയാണ് സഞ്ജു ഇന്നലെ മറികടന്നത്. രാജസ്ഥാനും ഹൈദരാബാദും തമ്മിലുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസുള്ള താരവും ഇനി മുതൽ സഞ്ജുവാണ്.

Story Highlights: Ravi shasthri about sanju samson