‘അതെനിക്ക് ഒരിക്കലും പറയാൻ കഴിഞ്ഞില്ല, അതാണെന്റെ ദുഃഖം’; ഷെയ്ൻ വോണിന്റെ ഓർമയിൽ വികാരധീനനായി പോണ്ടിംഗ്
ഇതിഹാസ താരം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിടവാങ്ങൽ നൽകിയ ഞെട്ടലിലാണ് ഇപ്പോഴും ക്രിക്കറ്റ് ലോകം. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ മരണവാർത്ത വലിയ ഞെട്ടലാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. സച്ചിനടക്കം പല പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഓസ്‌ട്രേലിയയുടെ മുൻ നായകനും എക്കാലത്തെയും മികച്ച ബാറ്സ്മാന്മാരിലൊരാളുമായ റിക്കി പോണ്ടിംഗ് വോണിനെ അനുസ്മരിച്ച് പറഞ്ഞ വാക്കുകളാണ് കായികപ്രേമികൾക്ക് വിങ്ങലാവുന്നത്. ഐസിസിക്ക് നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് പോണ്ടിംഗ് വോണിന്റെ ഓർമകളിൽ വികാരാധീനനായത്. വോണ്‍ മരിച്ചുവെന്ന യാഥാര്‍ത്ഥ്യം തനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. വോണിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും ടിവിയില്‍ കാണുമ്പോള്‍ അത് കാണാനുള്ള കരുത്തില്ലാതെ താന്‍ ടിവി ഓഫാക്കുകയാണിപ്പോള്‍ ചെയ്യുന്നതെന്നും ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ കണ്ണീരോടെ പോണ്ടിംഗ് പറഞ്ഞു.
വോൺ തിരിച്ചു വരുമായിരുന്നെങ്കിൽ എന്ത് പറയുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പോണ്ടിംഗ് വികാരാധീനനായത്. “ഞാനവനെ അത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് പറയുമായിരുന്നു. അതെനിക്ക് ഒരിക്കലും പറയാന്‍ കഴിഞ്ഞില്ല, അതാണെന്‍റെ ദു:ഖം. കഠിനമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. പക്ഷെ അതുകൊണ്ടുതന്നെ വോണിന്‍റെ ജിവിതം നമുക്കെല്ലാവര്‍ക്കും ഒരു പാഠം കൂടിയാണ്. സ്വന്തം ജീവിതത്തില്‍ എത്രമാത്രം കരുതലോടെ ജീവിക്കണമെന്നതിന്” – പോണ്ടിംഗ് പറഞ്ഞു.
Read More: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകളെയും സമൂഹത്തിലെ അവരുടെ വൈവിധ്യത്തെയും ആദരിച്ച് ഗൂഗിൾ ഡൂഡിൽ
ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. തായ്‌ലൻഡിലെ ഒരു ഹോട്ടലിൽ വച്ചാണ് 52 കാരനായ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. നേരത്തെ ഷെയ്‌ന്‍ വോണിന്‍റെ സംസ്‌കാരം മെല്‍ബണിലായിരിക്കുമെന്ന് അദ്ദേഹത്തിന്റെ മാനേജർ വ്യക്തമാക്കിയിരുന്നു. ഷെയ്ൻ വോണിനോടുള്ള ബഹുമാനാർത്ഥം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിന് ഇനി മുതല്‍ ഷെയ്ൻ വോൺ സ്റ്റാൻഡ് എന്നായിരിക്കും പേര്.
Story Highlights: Ricky ponting becomes emotional remembering shane warne