ബോക്സോഫീസിൽ തരംഗമായി ആർആർആർ; ആദ്യ ദിനം തന്നെ 250 കോടി കടന്ന് രാജമൗലി ചിത്രം
ഇൻഡ്യയൊട്ടാകെയുള്ള സിനിമ പ്രേക്ഷകർ നാളുകളായി കാത്തിരുന്ന ചിത്രമാണ് ‘ആർആർആർ.’ ലോകത്താകമാനം ഐതിഹാസിക വിജയം നേടിയ ബാഹുബലി എന്ന ചിത്രത്തിന് ശേഷം തെലുങ്ക് സംവിധായകനായ രാജമൗലി എഴുതി സംവിധാനം ചെയ്ത ചിത്രം എന്ന നിലയിൽ ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. അതോടൊപ്പം തന്നെ തെലുങ്ക് സൂപ്പർതാരങ്ങളായ രാം ചരണും ജൂനിയർ എൻടിആറും ഒരുമിക്കുന്ന ചിത്രമെന്ന നിലയിലും ആർആർആർ വലിയ ജനശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാരണം പല തവണ റീലീസ് മാറ്റി വച്ച ചിത്രം ഒടുവിൽ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്.
തിയേറ്ററിലെത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്റെ കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റെക്കോർഡ് കളക്ഷനാണ് ചിത്രം ലോകത്താകമാനമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യ ദിനം നേടിയിരിക്കുന്നത്. ആർആർ ആറിന്റെ വിവിധ പതിപ്പുകൾ 250 കോടിയോളം രൂപയാണ് ആദ്യ ദിനം നേടിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 127 കോടി നേടിയപ്പോൾ ഹിന്ദി പതിപ്പ് 23 കോടിയാണ് നേടിയിരിക്കുന്നത്. ആർആർആറിന്റെ കന്നഡ പതിപ്പ് 16 കോടി തിയേറ്ററുകളിൽ നിന്ന് നേടിയപ്പോൾ 9.5 കോടിയാണ് തമിഴ്നാട്ടിൽ നിന്നും ചിത്രം കളക്ട് ചെയ്തത്.
ചിത്രത്തിന്റെ മലയാള പതിപ്പിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ആർആർആറിന്റെ മലയാളം പതിപ്പ് കേരളത്തിലുടനീളം തിയേറ്ററുകളിൽ നിന്ന് ആദ്യ ദിനം 4 കോടിയാണ് നേടിയത്. അടുത്തിടെ ഒരു ചിത്രത്തിന്റെ കേരളത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ കൂടിയാണ് ആർആർആറിന് ലഭിച്ചത്.
ഇതോടെ മറ്റൊരു വലിയ റെക്കോർഡും ചിത്രം നേടിയിരിക്കുകയാണ്. ലോകത്താകമാനം ഒരു ഇന്ത്യൻ ചിത്രത്തിന്റെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണ് ആർആർആർ നേടിയിരിക്കുന്നത്
Read More: മലയാളത്തിന്റെ ‘ചോക്ലേറ്റ് ഹീറോ’ പിറന്നിട്ട് 25 വർഷങ്ങൾ; സിനിമയിൽ സിൽവർ ജൂബിലി നിറവിൽ കുഞ്ചാക്കോ ബോബൻ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്ര്യസമരസേനാനികളുടെ കഥയാണ് RRR പറയുന്നത്. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഡിവിവി എന്റെർറ്റൈൻന്മെറ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Story Highlights: RRR collects 250 crores worldwide