മലയാളത്തിന്റെ ‘ചോക്ലേറ്റ് ഹീറോ’ പിറന്നിട്ട് 25 വർഷങ്ങൾ; സിനിമയിൽ സിൽവർ ജൂബിലി നിറവിൽ കുഞ്ചാക്കോ ബോബൻ

March 26, 2022

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. 25 വർഷങ്ങൾക്ക് മുമ്പ്, ‘അനിയത്തിപ്രാവ്’ എന്ന ക്ലാസിക് റൊമാൻസ് ചിത്രത്തിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ചേക്കേറിയ താരം. ആ യാത്ര കുഞ്ചാക്കോ ബോബൻ ഒരു സൂപ്പർസ്റ്റാറിലേക്ക് വഴിമാറും വരെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചു. മലയാള സിനിമയിൽ തന്റെ കരിയറിന്റെ 25 സുവർണ്ണ വർഷങ്ങൾ തികയ്ക്കുന്ന താരത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് സഹതാരങ്ങൾ.

നടൻ ടൊവിനോ തോമസ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആശംസ അറിയിച്ചത്.നടന്റെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ തോമസ് ആശംസകൾ അറിയിച്ചത്. കുഞ്ചാക്കോ ബോബനൊപ്പം നിരവധി സിനിമകളിൽ വേഷമിട്ട നടൻ ആസിഫ് അലി ‘എന്റെ സൂപ്പർ സ്റ്റാറിന്റെ 25 വർഷങ്ങൾ’ എന്ന കുറിപ്പിനൊപ്പം താരത്തിന്റെ ചിത്രം പങ്കുവെച്ചു. മലയാള ചലച്ചിത്രമേഖലയിൽ 25 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയതിന് കുഞ്ചാക്കോ ബോബനെ പ്രശംസിച്ച് മഞ്ജു വാര്യരും രംഗത്തെത്തി. കുഞ്ചാക്കോ ബോബന്റെ ചിത്രം പങ്കുവെച്ച് “ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് കുതിക്കുക” എന്നാണ് മഞ്ജു വാര്യർ കുറിച്ചിരിക്കുന്നത്.

Read Also: ഇത് സുധിയുടെ ആ പഴയ സ്‌പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനൊപ്പം ഒറ്റ് എന്ന ചിത്രത്തിൽ വേഷമിടുന്ന ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് നടന് ആശംസ അറിയിച്ചിട്ടുണ്ട്. ‘സിൽവർ മുബാറക് കുഞ്ചാക്കോ ബോബൻ’ എന്ന് എഴുതിയ കുറിപ്പ് ആണ് നടന്റെ ചിത്രത്തിനൊപ്പം ജാക്കി ഷ്‌റോഫ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ‘എന്താടാ സജി’, ‘നീലവെളിച്ചം’, ‘പത്മിനി’, ‘ഒറ്റ്’, ‘അറിയിപ്പ്’, ‘2403 ഫീറ്റ്’ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘ന്നാ, താൻ കേസ് കൊട്’ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

Story highlights- 25 years of Kunchacko Boban