‘ഇന്ത്യക്കാർക്ക് നിങ്ങളെന്നും സ്പെഷ്യലായിരിക്കും’; ഷെയ്ന്‍ വോണിനെ അനുസ്മരിച്ചുള്ള സച്ചിന്റെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ് ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

March 5, 2022

ക്രിക്കറ്റിലെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്‍റെ അപ്രതീക്ഷിതമായ വിട വാങ്ങലിൽ വിതുമ്പി നിൽക്കുകയാണ് കായിക ലോകം. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ മരണവാർത്ത വലിയ ഞെട്ടലാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. പല പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഷെയ്ന്‍ വോണിന് ആദരമർപ്പിച്ച് സച്ചിൻ ടെൻഡുൽക്കർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

സച്ചിനും വോണും തമ്മിലുള്ള ഗ്രൗണ്ടിലെ പോരാട്ടം എക്കാലത്തും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണുമൊത്തുള്ള നിമിഷങ്ങളെ ഓര്‍ത്തെടുത്താണ് സച്ചിന്‍ ഇതിഹാസ താരത്തിന് ആദരമര്‍പ്പിച്ചത്.

“മിസ് യു വോണി. നിങ്ങള്‍ ചുറ്റുമുണ്ടായിരുന്നപ്പോള്‍ ഗ്രൗണ്ടിലും പുറത്തും വിരസമായ ഒരു നിമിഷം പോലുമില്ലായിരുന്നു. കളിക്കളത്തിലെ പരസ്പരമുള്ള ഏറ്റുമുട്ടലുകളും കളിക്കളത്തിന് പുറത്തെ പോര്‍വിളികളും എക്കാലത്തും ആസ്വദിച്ചിരുന്നു. നിങ്ങളുടെ മനസില്‍ ഇന്ത്യക്ക് എക്കാലത്തും പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ ഇന്ത്യക്കാര്‍ക്കും നിങ്ങളെന്നും സ്പെഷ്യലായിരിക്കും” ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് സച്ചിൻ കുറിച്ചു. നേരത്തെ മുൻ ഇന്ത്യൻ നായകന്‍ വിരാട് കോലിയും വോണിനെ അനുസ്മരിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു.

Read More: അപ്രവചനീയമായ പന്തുകളെറിഞ്ഞവന് വിട… വോൺൺൺ…

ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. തായ്‌ലൻഡിൽ വച്ചാണ് 52 കാരനായ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഓസ്‌ട്രേലിയക്ക് വേണ്ടി 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകൾ നേടിയിട്ടുള്ള ഷെയ്ന്‍ വോൺ ലോകം കണ്ട ഏറ്റവും മികച്ച ബൗളർമാരിലൊരാളായിരുന്നു.

Story Highlights: Sachin pens an emotional note about shane warne