അന്നത്തെ ദിവസം വേദനസംഹാരി കഴിച്ചാണ് കളിക്കാനിറങ്ങിയത്; ചരിത്ര നേട്ടത്തിന്റെ ഓർമയിൽ സച്ചിൻ ടെൻഡുൽക്കർ
കായിക ചരിത്രത്തിൽ സുവർണലിപികളിൽ എഴുതി ചേർക്കപ്പെട്ട ഒരധ്യായമാണ് ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ഇരട്ട സെഞ്ചുറി. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഗ്വാളിയറിൽ സച്ചിൻ നേടിയത്. മുഴുവൻ ക്രിക്കറ്റ് ആരാധകർക്കും ആവേശം നൽകിയ ഒരു നിമിഷമായിരുന്നു അത്.
ഇപ്പോൾ ഇരട്ടസെഞ്ചുറി അടിച്ചതിനെപ്പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സച്ചിൻ. കഴിഞ്ഞ ദിവസം ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ തന്റെ അനുഭവം ഓർത്തെടുത്തത്. മത്സരദിവസം ദേഹം മുഴുവൻ വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നുവെന്നും അന്നത്തെ ദിവസം കളിക്കാനാവുമോ എന്ന് പോലും ഉറപ്പിലായിരുന്നു എന്നുമാണ് സച്ചിൻ പറയുന്നത്. പക്ഷെ മത്സരം തുടങ്ങിയതിന് ശേഷം അതിനെ പറ്റിയെല്ലാം മറന്നുവെന്നും സച്ചിൻ പറയുന്നു.
‘മത്സരം കളിക്കാനാകുമോ എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. മത്സരദിവസം എനിക്ക് ശരീരം മുഴുവന്‍ വേദനയായിരുന്നു. വേദനസംഹാരി കഴിച്ചാണ് കളിക്കാനെത്തിയത്. മത്സരദിവസം ഫിസിയോയ്ക്ക് ഒപ്പമായിരുന്നു ഞാന്‍. ശരീരവേദയുണ്ടെന്നും ക്ഷീണം അനുഭവപ്പെടുന്നതായും ഞാനദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ബാറ്റിംഗിനെത്തിയപ്പോള്‍ വേദനകളും അസ്വസ്ഥകളും ഞാന്‍ മറന്നു. ഒരു നിമിഷം പോലും അവയെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.” സച്ചിൻ അഭിമുഖത്തിൽ പറഞ്ഞു.
Read More: ചെന്നൈക്ക് ആശങ്കയായി ചാഹറിന്റെ പരിക്ക്; പകുതിയോളം ഐപിഎൽ മത്സരങ്ങൾ നഷ്ടപ്പെടാൻ സാധ്യത
മത്സരത്തില്‍ ഇന്ത്യ 153 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. സച്ചിന്റെ ഐതിഹാസിക സെഞ്ചുറി കരുത്തില്‍ 401 റണ്‍സാണ് ഇന്ത്യ നേടിയത്. സച്ചിനെക്കൂടാതെ ദിനേശ് കാര്‍ത്തിക്, നായകന്‍ എം എസ് ധോണി എന്നിവരും ബാറ്റിംഗിൽ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 45.2 ഓവറില്‍ പുറത്താവുകയായിരുന്നു.
Story Highlights: Sachin shares his double century memory