ലൂസിഫർ തെലുങ്ക് റീമേക്ക്; പ്രതിഫലം നിരസിച്ച് സൽമാൻ ഖാൻ, അഭിനയിക്കുന്നത് ചിരഞ്ജീവിയോടുള്ള സൗഹൃദത്തിന്റെ പുറത്ത്
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘ലൂസിഫർ.’ ചിത്രത്തിന്റെ തെലുങ്ക് റീമക്ക് അണിയറയിൽ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെഗാ താരം ചിരഞ്ജീവിയാണ് ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ മോഹൻലാൽ ചെയ്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ഗോഡ്ഫാദർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായ ദിവസം മുതൽ മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ലൂസിഫറിന്റെ റീമേക്കിൽ അഭിനയിക്കുന്നുണ്ടെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഏത് കഥാപാത്രമാണ് സൽമാൻ അവതരിപ്പിക്കുന്നത് എന്നതിനെ പറ്റി ചൂട് പിടിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നതിനിടെയാണ് മറ്റൊരു കൗതുകകരമായ വാർത്ത ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രത്തിൽ അഭിനയിക്കുന്നതിന് താൻ പ്രതിഫലം വാങ്ങില്ല എന്ന വാശിയിലാണ് സൽമാൻ ഖാൻ. ഗോഡ്ഫാദറിന്റെ നിർമ്മാതാക്കൾ വലിയ ഒരു തുക തന്നെ സൽമാൻ ഖാന് ഓഫർ ചെയ്തു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു. പണം നൽകാത്ത പക്ഷം മാത്രമേ താൻ സിനിമയിൽ അഭിനയിക്കുകയുള്ളുവെന്ന് സൽമാൻ പറഞ്ഞതായും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. 15-20 കോടിവരെയായിരുന്നു സൽമാന് ലഭിച്ച ഓഫർ. ചിരഞ്ജീവിയോടുള്ള സൗഹൃദം മൂലമാണ് സൽമാൻ സിനിമയുടെ ഭാഗമാകുന്നതെന്നും അത് കൊണ്ടാണ് സൽമാൻ പ്രതിഫലം വാങ്ങാൻ തയ്യാറാവാത്തതെന്നുമാണ് താരങ്ങളോട് അടുപ്പമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
Read More: ഇത് കൊണ്ടാണ് ഏഴാം നമ്പർ ജേഴ്സിയണിയുന്നത്; ധോണിയുടെ രസകരമായ തുറന്ന് പറച്ചിൽ
അതേ സമയം മലയാളത്തിൽ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ ബിജു മേനോൻ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യർക്കും ടൊവിനോയ്ക്കും പകരം നയൻ താരയും വിജയ് ദേവരകൊണ്ടയും ചിത്രത്തിലെത്തുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എങ്കിലും ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ലഭിച്ചിട്ടില്ല.
Story Highlights: Salman khan refuses remuneration for godfather