സ്പിൻ മാന്ത്രികൻ ഇനി എന്നെന്നും മെൽബണിൽ; ഷെയ്ൻ വോണിന് അന്ത്യവിശ്രമം

March 6, 2022

ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അപ്രതീക്ഷിത വിട വാങ്ങൽ നൽകിയ ഞെട്ടലിലാണ് ഇപ്പോഴും കായിക ലോകം. ലോകം മുഴുവൻ ആരാധകരുള്ള താരത്തിന്റെ മരണവാർത്ത വലിയ ഞെട്ടലാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. സച്ചിനടക്കം പല പ്രമുഖരായ ക്രിക്കറ്റ് താരങ്ങളും താരത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ അന്ത്യവിശ്രമത്തെ പറ്റിയുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

ഷെയ്‌ന്‍ വോണിന്‍റെ സംസ്‌കാരം മെല്‍ബണിലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മാനേജർ വ്യക്തമാക്കുന്നത്. സർക്കാർ പ്രതിനിധികൾ ഉടൻ തായ്‌ലൻഡിൽ എത്തുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി നേരത്തെ അറിയിച്ചിരുന്നു. തായ്‌ലൻഡിൽ വച്ചാണ് വോൺ മരണമടയുന്നത്. പൂർണ ഔദ്യോഗിക ബഹുമതിയോടെ സംസ്‌കാരം നടത്തുമെന്ന് വിക്ടോറിയ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഷെയ്ൻ വോണിനോടുള്ള ബഹുമാനാർത്ഥം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിന് ഇനി മുതല്‍ ഷെയ്ൻ വോൺ സ്റ്റാൻഡ് എന്നായിരിക്കും പേര്.

Read More: ചായ പ്രേമികൾക്ക് സന്തോഷവാർത്ത; ചായ ശീലം ഹൃദ്രോഗം കുറയ്ക്കുമെന്ന് പഠനം

ഹൃദയാഘാതത്തെ തുടർന്നാണ് ഷെയ്ന്‍ വോൺ മരിച്ചത്. തായ്‌ലൻഡിലെ ഒരു ഹോട്ടലിൽ വച്ചാണ് 52 കാരനായ ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലുണ്ടായത്. ഷെയ്ൻ വോൺ മരിച്ച ഹോട്ടലിൽ ഫൊറൻസിക് വിദഗ്‌ധർ പരിശോധന നടത്തിയിരുന്നു. തായ്‌ലൻഡിലെ ഷെയ്ൻ വോണിന്‍റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു.

നേരത്തെ സച്ചിൻ ടെൻഡുൽക്കറടക്കമുള്ള പല പ്രമുഖരും വോണിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സച്ചിനും വോണും തമ്മിലുള്ള ഗ്രൗണ്ടിലെ പോരാട്ടം എക്കാലത്തും ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു.പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണുമൊത്തുള്ള നിമിഷങ്ങളെ ഓര്‍ത്തെടുത്താണ് സച്ചിന്‍ ഇതിഹാസ താരത്തിന് ആദരമര്‍പ്പിച്ചത്. ഇന്ത്യക്കാർക്ക് ഷെയ്ന്‍ വോൺ എന്നും സ്പെഷ്യലായിരിക്കുമെന്നാണ് സച്ചിൻ കുറിച്ചത്.

Story Highlights: Shane warne’s funeral in melbourne