ഷൈൻ ടോമും വിനായകനും വീണ്ടും ഒന്നിക്കുന്നു; ലിയോ തദേവൂസിന്റെ ‘പന്ത്രണ്ട്’ ഒരുങ്ങുന്നു

March 12, 2022

കമ്മട്ടിപ്പാടം അടക്കമുള്ള ചിത്രങ്ങളിൽ ഒന്നിച്ചിട്ടുള്ള താരങ്ങളാണ് ഷൈൻ ടോം ചാക്കോയും വിനായകനും. പുതിയ കാല മലയാള സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരായി പേരെടുത്തിട്ടുള്ള ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘പന്ത്രണ്ട്.’ ‘കുറുപ്പ്’, ‘ഭീഷ്മപർവ്വം’ അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷൈൻ ടോമിന്റെ പുതിയ ചിത്രത്തിനായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പന്ത്രണ്ട്.’ ഇപ്പോൾ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ്. ഷൈൻ ടോം തന്റെ ഫേസ്ബുക് പേജിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

ഷൈൻ ടോമിനും വിനായകനുമൊപ്പം ലാൽ, ദേവ് മോഹൻ, വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കറാണ് നിർവ്വഹിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫാണ് സംഗീതം പകരുന്നത്.

Read More: ചൂടുകാലത്ത് ആശ്വാസമാകുന്ന സംഭാരം; കുടിയ്ക്കും മുൻപ് ശ്രദ്ധിക്കണം ഇക്കാര്യങ്ങളും

അതേ സമയം ഷൈൻ ടോം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ്വം’ പ്രേക്ഷകരുടെ വമ്പൻ പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബ്ബിൽ സ്ഥാനം പിടിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപർവ്വം’ തിയേറ്ററുകളിൽ എത്തിയപ്പോൾ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനെ സ്വീകരിച്ചത്. കേരളത്തിൽ എല്ലായിടത്തും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ചിത്രത്തിന് ലഭിച്ചത്.

Story Highlights: Shine tom and vinayakan next movie