സല്ലാപത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ബസിന്റെ ഫുട്ട് ബോർഡിൽ തൂങ്ങിനിന്ന് കൈ വീശിക്കാണിച്ചു മണി പോയത് സിനിമയുടെ ഉയരങ്ങളിലേക്കായിരുന്നു; മണി ഓർമ്മകളിൽ സിനിമാലോകം…
കലാഭവൻ മണി…മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരൻ, മണി ഓർമ്മയായിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയെ സ്നേഹിച്ച ഓരോ മലയാളികളുടെയും ഹൃദയത്തിൽ ഇന്നും അദ്ദേഹം ജീവിക്കുന്നുണ്ട്.. നിറഞ്ഞ ചിരിയുമായി…
സല്ലാപം എന്ന സിനിമയിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ചെറിയൊരു വേഷം ചെയ്യാൻ വന്ന് മലയാള സിനിമയിൽ സഹനടനായും നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്, തെന്നിന്ത്യയിൽ സജീവ സാന്നിധ്യമായി മാറിയ കലാകാരൻ, ആറു വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മാർച്ച് മാസം ആറാം തിയതി ചമയങ്ങളില്ലാത്ത മറ്റൊരു ലോകത്തേക്ക് യാത്രയായി. ഇനി ഒരിക്കലും തിരിച്ചുവരാത്ത യാത്ര.
ഇപ്പോഴിതാ മരിച്ചിട്ടും മായാത്ത മണിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ… ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
പഴയ സിനിമ ഡയറികൾ പൊടിതട്ടി വെക്കുന്നതിനിടയിൽ ഒരു ചെറിയ സ്ക്രിപ്ളിങ്ങ് പാഡ് നിലത്തു വീണു. ‘സല്ലാപം’ എന്ന സിനിമയുടേതാണ്. വെറുതെ ഒന്നു കണ്ണോടിച്ചു. ആർടിസ്റ്റ് ടെക്നിഷ്യൻ എന്നിവരുടെ പേരും നമ്പറും. ലിസ്റ്റിൽ ചാലക്കുടി മണി എന്ന പേരിൽ എന്റെ കണ്ണുകൾ ഉടക്കി. ഓർമ്മകൾ കുറച്ചു പിന്നോട്ട് പോയപ്പോൾ സല്ലാപത്തിന്റെ ആർട്ടിസ്റ്റ് ലിസ്റ്റുമായി ഞാൻ ലോഹി സാറിന്റെയും സുന്ദർദാസിന്റെയും മുന്നിൽ. ആരാ ഈ ചാലക്കുടി മണി എന്റെ ചോദ്യം.
സിബി സാറിന്റെ പടത്തിൽ ഓട്ടോ ഓടിക്കാൻ വന്നില്ലേ അയാൾ..സുന്ദരത്തിന്റെ മറുപടി. സുന്ദരത്തിന്റെ ശുപാർശയിൽ ചെറിയൊരു വേഷം അഭിനയിക്കാൻ വന്ന മണിയെ എനിക്കോർമവന്നു. സല്ലാപത്തിന്റെ ഷൂട്ടിംഗ് സമയത്ത് രണ്ടും മൂന്നും ദിവസം കൂടുമ്പോൾ വൈകീട്ട് മണി എന്റെ അടുത്തെത്തും. ഇന്ന് രാത്രി ഒരു പ്രോഗ്രാം ഉണ്ട് പോകണം ലോഹി സാറും സുന്ദറേട്ടനും അറിയണ്ട രാവിലെ ഷൂട്ടിംങിന് മുൻപ് എത്തിക്കോളാം ചേട്ടൻ ഒന്ന് ഹെല്പ് ചെയ്യണം. നല്ലൊരു വേഷം സിനിമയിൽ കിട്ടിയിട്ട് ഇടക്ക് പ്രോഗ്രാമിനു പോകണം എന്ന് സംവിധായകനോട് പറയാനുള്ള മടിയോ അതോ അവരുടെ പ്രതികരണം എന്താവും എന്നുള്ള ഭയമോ ആവാം എന്നെ സമീപിക്കാൻ മണിയെ പ്രേരിപ്പിച്ചത്. കഴിയുന്ന സഹായം ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട്.
സിനിമയിലെ ഭാവി എന്താകും എന്നറിയാതത്തുകൊണ്ട് ജീവിത മാർഗങ്ങളിൽ ഒന്നായ മിമിക്രി കൈ വിടാനും മണിക്ക് മനസില്ലായിരുന്നു. പിന്നീടങ്ങോട്ട് സിനിമാതാരത്തിന്റെ പകിട്ടുകൂടി കൈ വന്നതോടെ സ്റ്റേജ് ഷോകളിലെ ഏറ്റവും ജനപ്രിയനും ജനകീയനും ആയി മണി മാറിയത് ചരിത്രം.
നാടൻ പാട്ടുകൾ സാധാരണക്കാരുടെ മനസിലും ചുണ്ടിലും തത്തികളിച്ചതിൽ മണിക്കുള്ള പങ്ക് ആർക്കും വിസ്മരിക്കാനാവില്ല. ചാലക്കുടിക്കാരൻ മണി കലാഭവൻ മണിയായാണ് സിനിമയിൽ അറിയപ്പെട്ടതെങ്കിലും ചാലക്കുടിക്കാർക്കെന്നും മണിയായിരുന്നു.. മണിച്ചേട്ടനായിരുന്നു അദ്ദേഹം. പച്ചയായ ചാലക്കുടിക്കാരൻ. രാഷ്ട്രീയം മതം ഇവയുടെ സ്വാധീനവും സഹകരണവും ഇല്ലാതെ വ്യക്തിപരമായി ചാലക്കുടിക്കാരെ ഇത്രമാത്രം സഹായിച്ച മറ്റൊരാൾ ഉണ്ടാകും എന്ന് തോന്നുന്നില്ല. സ്വന്തം ചിലവിൽ ഉത്സവം പെരുന്നാൾ എന്നിവ നടത്തുക, അവിടേക്കു സിനിമയിലെ സൂപ്പർ താരങ്ങളെ കൊണ്ടുവരിക, തന്റെ നാട്ടിലെ ഓരോ ആഘോഷങ്ങളും സന്തോഷത്തോടെ മണി ഏറ്റെടുത്തു. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നാട്ടുകാർക്ക് അവരുടെ മനസ് നിറയുന്ന രീതിയിൽ വിഷുകൈനീട്ടം, അരി, കോടിമുണ്ട്… മണിയുടെ സന്തോഷം സ്വീകരിച്ച ചാലക്കുടിക്കാർക്കറിയാം ആ കലാകാരന്റെ മഹത്വം.
തൊഴിൽ ഇല്ലാത്തവർക്ക് ഓട്ടോറിക്ഷ, പോലീസ് സ്റ്റേഷന് വേണ്ടി കെട്ടിടം, വായനശാല, കമ്പ്യൂട്ടർസെന്റർ, പിഎസ് സി കോച്ചിങ്, ഡാൻസ് സ്കൂൾ, ഗവണ്മെന്റ് സ്കൂളിലേക്ക് സ്കൂൾ ബസ്, ധനസഹായം ആവശ്യം ഉള്ളവർക്ക് അത്.. അങ്ങിനെ എണ്ണിയാൽ തീരില്ല മണി ചെയ്ത സഹായങ്ങളും സേവനങ്ങളും. ജാതി മത ബേധമില്ലാതെ വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ കുബേര കുചേല തരംതിരിവില്ലാതെ എല്ലാവർക്കും പ്രാപ്യനായിരുന്നു മണി. തങ്ങളിൽ ഒരാളാണ് എന്ന് എല്ലാവരെയും തോന്നിപ്പിച്ചതാണ് മണിയുടെ വിജയ ഘടകങ്ങളിൽ ഒന്ന്.
ഒരു പാചക വിദഗ്ദ്ധൻ കൂടിയായിരുന്നു മണി. മണി പാചകം ചെയ്ത ഭക്ഷണം ഞാൻ പല തവണ കഴിച്ചിട്ടുണ്ട്. കുടജാദ്രിയിലെ പൂജാരിയുടെ വീട്ടിലെ അത്താഴത്തിനെ പറ്റി ലാലേട്ടൻ ഹൃത്യു മർമരങ്ങൾ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. ആവിപറക്കുന്ന കുത്തരിച്ചോറും മോരും കടുമാങ്ങ അച്ചാറും, വായിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. തന്റെ ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അത്താഴം എന്നാണ് ലാലേട്ടൻ അതിനെ വിശേഷിപ്പിച്ചത്. മണിയുടെ പാചകത്തെപ്പറ്റി ആലോചിക്കുമ്പോൾ എനിക്കും തോനുന്നു ആസ്വാദ്യകര്മായിരുന്നു മണിയുടെ പാചകം.
തന്റെ ഒളിവിലെ ഓർമകളിൽ തോപ്പിൽ ഭാസി ഇങ്ങനെ പറയുന്നുണ്ട് ഒറ്റവാക്കിൽ പറയാൻ പറഞ്ഞാൽ ഞാൻ പറയും പൂർണതയാണ് കല പൂർണതയാണ് സൗന്ദര്യം എന്ന്…അങ്ങിനെ നോക്കുമ്പോൾ കലയുടെ പൂർണതയായിരുന്നു മണി. കേരളം കടന്ന് മണിയുടെ പുകൾ തമിഴിലും തെലുങ്കിലും വ്യാപിച്ചപ്പോഴും ദന്തഗോപുരവാസി ആവാതെ ചാലക്കുടിയുടെ മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന മനുഷ്യനാവാൻ മണിക്ക് കഴിഞ്ഞു. സല്ലാപം മുതൽ മണിയുടെ വളർച്ചക്ക് സാക്ഷിയാണ് ഞാൻ. അവസാനം കണ്ടപ്പോഴും സല്ലാപത്തിൽ കണ്ട അതേ സ്നേഹവും ബഹുമാനവും നിലനിർത്താൻ മണി ശ്രദ്ധിച്ചിരുന്നു.
ചാലക്കുടിക്കാർക്ക് മണി എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് അദ്ദേഹം വിടപറഞ്ഞ ദിവസം അവർ ലോകത്തിനു കാണിച്ചു കൊടുത്തു. മണി തങ്ങൾക്ക് നൽകിയ സ്നേഹം അതേനാണയത്തിൽ അവർ തിരിച്ചു നൽകി. ഒപ്പം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയമായിരുന്നു അത്. ഞാനും ആന്റണി പെരുമ്പാവൂരും അന്ത്യ ചടങ്ങുകളിൽ പങ്കെടുക്കാൻ പോയെങ്കിലും ആ പ്രദേശത്തേക്കൊന്നും എത്തിപെടാൻ ഞങ്ങൾക്കായില്ല. ഞങ്ങൾക്കെന്നല്ല പല പ്രമുഖർക്കും അതിന് കഴിഞ്ഞില്ല. അതായിരുന്നു ചാലക്കുടിക്കാരും ജനങ്ങളും മണിക്ക് തിരിച്ചു കൊടുത്ത സ്നേഹം. ആ സ്നേഹം കാണാൻ മണിക്ക് കഴിഞ്ഞിരുന്നു എങ്കിൽ തീർച്ചയായും അദ്ദേഹം പുനർജനിക്കുമായിരുന്നു. സല്ലാപത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഷൊർണുർ ബസ്സ്സ്റ്റാന്റിൽ നിന്ന് ബസിന്റെ ഫുട്ട് ബോർഡിൽ തൂങ്ങി നിന്ന് കൈ വീശിക്കാണിച്ചു മണി പോയത് സിനിമയുടെ ഉയരങ്ങളിലേക്കായിരുന്നു. ആറ് വർഷം മുൻപ് വിടപറഞ്ഞു മണി പോയത് ജനഹൃദയങ്ങളിലേക്കും… സിദ്ധു കുറിച്ചു.
Story highlights: Sidhu panackal post about KalaBhavan Mani