ഓസീസിനെ തകർത്ത ‘ശ്രീ’യുടെ നാലോവറുകൾ…
2007 ഇന്ത്യൻ ക്രിക്കറ്റ് ഒരേസമയം മറക്കാനാഗ്രഹിക്കുന്നതും ഓർമയിൽ സൂക്ഷക്കാനാഗ്രഹിക്കുന്നതുമായ വർഷമാണ്. ഏകദിന ലോകകപ്പിലെ തോൽവിയും ടി-20 ലോകകപ്പിലെ കിരീടധാരണവും സംഭവിച്ച വർഷം… ലോകത്തിന് മുന്നിൽ തല താഴ്ത്തി നിൽക്കേണ്ടിവന്ന 2007 എകദിന ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിനെ അടിമുടി മാറ്റങ്ങളിലേക്ക് നയിച്ചു. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഇന്ത്യ 2007 ൽ ആരംഭിച്ച ടി- 20 ലോകകപ്പിന് ദക്ഷിണാഫ്രിക്കയിലേക്ക പുറപ്പെടാനൊരുങ്ങുമ്പോൾ സീനിയർ താരങ്ങളില്ലാതെ ലോകകപ്പിനെ നേരിടാനായിരുന്നു ഇന്ത്യൻ പ്ലാൻ.
ധോണി ക്യാപ്റ്റനായി ആദ്യമായി അവരോധിക്കപ്പെടുന്ന ടൂർണമെന്റ്. ആദ്യ മത്സരം തൊട്ട് പരീക്ഷണങ്ങൾ ഏറെ താണ്ടി സെമി ഫൈനൽ മത്സരത്തിനെത്തിയ ഇന്ത്യയുടെ എതിരാളി സാക്ഷാൽ ഓസ്ട്രേലിയ. 2007എകദിന ലോകകപ്പ് കിരീടമുള്ള ഷോക്കെസിലേക്ക് ടി- 20 ലോകകപ്പുകൂടി എടുത്തുവെക്കാൻ ഉറപ്പിച്ചുള്ള വരവ്. ഓസിസിന് പ്രതീക്ഷിക്കാനൊരുപാടുണ്ടായിരുന്നു, ഇന്ത്യയ്ക്ക് യുവരാജിന്റെ ഫോമും ഒരു ടീമെന്ന നിലയിൽ കളിയിലൂടെ ഒത്തിണങ്ങിയതുകൊണ്ടുള്ള ആത്മവിശ്വസവും മാത്രം.
അവിടെയാണ് ശ്രീശാന്ത് ഒരിക്കൽ കൂടി പന്തുകൊണ്ട് മാന്ത്രികനായത്. വിജയമെളുപ്പമാണെന്ന വിശ്വസം ഓസ്‌ട്രേലിയയ്ക്ക് വന്നപ്പോഴൊക്കെ അവരുടെ നടുവൊടിക്കാൻ ശ്രീശാന്തുണ്ടായിരുന്നു.
ശ്രീശാന്തിന്റെ നാലോവറുകൾ…
ഇന്നിങ്സിന്റെ രണ്ടാം ഓവർ എറിയാനാണ് ശ്രീശാന്തിനെ ധോണി ആദ്യം വിളിച്ചത്. ശ്രീശാന്തിന്റെ ഫുൾ ടോസ് ബോളിനെ അതിർത്തി കടത്തിയാണ് ഹെയഡൻ ശ്രീയെ വരവേറ്റത്. ആ ഒരറ്റ ബോളിൽ നിന്ന് പാഠംപഠിച്ച് പന്തെറിഞ്ഞുതുടങ്ങിയ ശ്രീ, പിന്നീട് ആ ഓവറിലെ അവസാന പന്തിൽ നേടിയ ഒരു സിംഗിൾ അല്ലാതെ മാത്യു ഹെയഡന് കാര്യമായൊന്നും ചെയ്യാനായില്ല. ഹെയ്‌ഡനെ പന്തുകൊണ്ടും നോട്ടം കൊണ്ടും ശ്രീ വരിഞ്ഞുമുറുക്കി.
അടുത്ത ഓവറെറിയാൻ ശ്രീശാന്ത് എത്തുമ്പോളും, മഹാമേരു പോലെ ഉറച്ച് പന്തിനെ അതിർത്തികടത്തുന്നതിൽ പ്രാന്തമായ അഭിനിവേശം ഉള്ള ഹെയ്ഡൻ തന്നെ ക്രീസിൽ. പക്ഷെ കാര്യമായൊന്നും ചെയ്യാനാകാതെ ഹെയ്ഡനെ കുടുക്കി ശ്രീ. അതിനിടയിൽ ശ്രീശാന്തിന്റെ കടുത്ത ഒരു എൽ ബി ഡബ്ല്യൂ അപ്പീലും ഹെയ്‌ഡൻ അതിജീവിച്ചു. 90 പന്തിൽ 153 റൺസ് ജയിക്കാൻ വേണ്ടിയിടത്താണ് ശ്രീശാന്തിനെ വീണ്ടും ധോണി പന്തേൽപ്പിക്കുന്നത്. 5 ഓവറിൽ 36 റൺസ് മാത്രമേ ഓസ്‌ട്രേലിയയ്ക്ക് നേടാനായിട്ടുള്ളുവെങ്കിലും ഗിൽക്രിസ്‌റ്റും ഹെയ്‌ഡനും പുറത്താകാതെ ക്രീസിലുള്ളത് അത്ര നല്ല ശുഭ സൂചനയൊന്നുമല്ല ഇന്ത്യയ്ക്ക് നൽകിയിരുന്നത്. തന്റെ മൂന്നാം ഓവറിൽ വന്ന ശ്രീശാന്തിന്റെ ലക്ഷ്യവും ഈ കൂട്ടുകെട്ട് പൊളിക്കുകയെന്നത് തന്നെയായിരിക്കണം. ഇന്ത്യ ആഗ്രഹിച്ച ആദ്യ പന്തിൽ തന്നെ ശ്രീ നേടി കൊടുത്തു, ഗിൽക്രിസ്റ്റിനെ ബൗൾഡാക്കി വിജയ പ്രതീക്ഷയിലേക്ക് ഇന്ത്യയെ വീണ്ടുമെത്തിച്ചു. 13 പന്തിൽ 22 റൺസ് നേടി ഗില്ലി പുറത്ത്. പിന്നീടെത്തിയ ഹൊഡ്ജിനും കാര്യമായൊന്നും ചെയ്യാനാകാതെ ഓവറിൽ ഒരു റൺസ് മാത്രം വിട്ട് കൊടുത്ത ശ്രീ, മത്സരത്തെ ഇന്ത്യയുടെ വരുതിയിലേക്ക് മെല്ലെ തിരിച്ചു..
Read More: ക്രിക്കറ്റിലെ കേരള ‘ശ്രീ’ കളം വിടുമ്പോൾ…
3 ഓവറിൽ 6 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടിയ ശ്രീ, പിന്നീട് തന്റെ നാലാം ഒവറെറിയാനെത്തുമ്പോൾ 2 വിക്കറ്റ് മാത്രം നഷ്ട്ടപെടുത്തി 129 റൺസ് നേടിയിരുന്നു ഓസിസ്. വിജയം പിടിച്ചെടുക്കാൻ ഇനിയുള്ള ഓവറുകളിൽ 10 റൺസ് വെച്ച് വേണമെങ്കിലും തകർത്തടിച്ച് 46 ബോളിൽ 62 റൺസ് നേടിയ ഹെയ്‌ഡനും വന്യമായ ബാറ്റിങ്ങിന്റെ പ്രതിരൂപമായ സൈമണ്സും ക്രീസിലുള്ളപ്പോൾ വിജയം ഓസീസിന് അപ്രാപ്യമായിരുന്നില്ല. പക്ഷെ ശ്രീശാന്തിന്റെ നാലാം ഓവറിലെ നാലാം പന്ത് ഹെയ്‌ഡന്റെ പ്രതീക്ഷകളെ മുഴുവൻ കാറ്റിൽ പറത്തി സ്റ്റമ്പിനെ പിഴുത് കടന്നു പോയി. ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്ന നിമിഷം… ഹെയ്‌ഡനെ തുറിച്ചു നോക്കി ശ്രീ പിച്ചിൽ കൈകൊണ്ടടിച്ച് ആഹ്ളാദ പ്രകടനം നടത്തുമ്പോൾ ഇന്ത്യൻ ആരാധകർ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടി കയറുകയായിരുന്നു.
കമന്ററി ബോക്സിൽ നിന്ന് രവി ശാസ്ത്രി ആവേശത്തിൽ അലറി “sreesanth does the job for his captain” , ഇതുകേട്ട് ആരാധകർ പറഞ്ഞിരിക്കണം ‘sreesanth does the job for his nation’ എന്ന്. നാലാം ഓവറിലെ അവസാന പന്തുമെറിഞ്ഞ് ശ്രീ മടങ്ങുമ്പോൾ 4 ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റെന്ന അതിശയകരമായ പ്രകടനമായിരുന്നു ശ്രീയുടെത്. പ്രകടനമികവിനപ്പുറം വിജയമെന്നത് ഇന്ത്യയിലേക്ക് അടുപ്പിക്കുക കൂടിയായിരുന്നു ശ്രീ . കളി 15 റൺസിന് വിജയിച്ച് ഫൈനലിലേക്കും ഓസ്‌ട്രേലിയൻ ആധിപത്യത്തിന്റെ അവസാനത്തിന്റെ തുടക്കത്തിലേക്കും ഇന്ത്യ കടക്കുമ്പോൾ മാന് ഓഫ് ദി മാച്ച് ആയത് 30 പന്തിൽ 70 റൺസ് നേടിയ യുവിയായിരുന്നു. ഈ ചരിത്രവിജയം ഇന്ത്യൻ കൂട്ടായ്മയുടെ വിജയമായി കണക്കാക്കാമെങ്കിലും ശ്രീ തലയെടുപ്പോടെ ഉയർന്ന് നിൽക്കുമെന്നുറപ്പാണ്. 2003 ലെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച രീതി കണ്ട് ഓസിസിനെ കൊല്ലാൻ തോന്നിയിട്ടുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു, അക്ഷരാർഥത്തിൽ 2007 വേൾഡ് കപ്പിൽ ഓസീസിനെ കൊല്ലുകയായിരുന്നു ശ്രീശാന്ത്.
Story Highlights: sreesanth’s four overs
കിഷോർ