‘പിതാമകന്’ ശേഷം വീണ്ടും സൂര്യയും ബാലയും ഒരുമിക്കുന്നു ; ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും
നവതമിഴ് സിനിമയുടെ നവീകരണത്തിന് ചുക്കാൻ പിടിച്ച സംവിധായകരിലൊരാളായി കരുതപ്പെടുന്നയാളാണ് ബാല. സേതു, പിതാമകൻ, നാൻ കടവുൾ അടക്കം ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു പിടി സിനിമകൾ ചെയ്ത ബാല വീണ്ടും തമിഴ് സൂപ്പർതാരം സൂര്യയുമായി ഒന്നിക്കുകയാണ്. സൂര്യ തന്നെയാണ് ഈ കാര്യം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. മലയാള താരം മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പിതാമകനാണ് ഏറ്റവും അവസാനം ബാലയോടൊപ്പം സൂര്യ ചെയ്ത ചിത്രം. നടൻ വിക്രമിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ഇപ്പോൾ 18 വർഷങ്ങൾക്ക് ശേഷമാണ് ബാലയും സൂര്യയും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒരുമിക്കുന്നത്. ‘സൂര്യ 41’ എന്ന് മാത്രം തല്ക്കാലം പേരിട്ടിരിക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നടൻ സൂര്യയുടെ നാല്പത്തിയൊന്നാമത് ചിത്രമാണ്.
‘എന്റെ മെൻറ്ററായ ബാല അണ്ണൻ എനിക്ക് ആക്ഷൻ പറയാനായി കാത്തിരിക്കുകയായിരുന്നു ഞാൻ. 18 വർഷങ്ങൾക്ക് ശേഷം ഇന്ന് ഈ നിമിഷം ആ സന്തോഷമുണ്ടായി. നിങ്ങളുടെ എല്ലാവരുടെയും ആശംസകൾ ഞങ്ങൾക്കുണ്ടാവണം.’- സംവിധായകൻ ബാലയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് നടൻ സൂര്യ ട്വിറ്ററിൽ കുറിച്ചു.
Been waiting for #DirBala na my mentor to say Action!!! …After 18 years, it’s happiness today…! This moment… we need all your wishes! #Suriya41 pic.twitter.com/TKwznuTu9c
— Suriya Sivakumar (@Suriya_offl) March 28, 2022
സൂപ്പർ ശരണ്യ അടക്കമുള്ള മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മമിത ബൈജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സൂര്യയുടെ ഇതിന് മുൻപിറങ്ങിയ ചിത്രങ്ങളിലും നടിമാരിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. അപർണ ബാലമുരളി, ലിജോമോൾ ജോസ്, പ്രയാഗ മാർട്ടിൻ എന്നിവരാണ് ഇതിന് മുൻപിറങ്ങിയ സൂര്യയുടെ ചിത്രങ്ങളുടെ ഭാഗമായിരുന്ന മലയാള നടിമാർ.
Happy to have the charming and talented @mamitha_baiju on board for #Suriya41!@Suriya_offl #DirBala #Jyotika @gvprakash @rajsekarpandian #Balasubramaniem @IamKrithiShetty @editorsuriya #Mayapandi pic.twitter.com/Ojdid9bpA4
— 2D Entertainment (@2D_ENTPVTLTD) March 28, 2022
Story Highlights: Surya and bala re-unite