അർദ്ധരാത്രിയിൽ മുംബൈ റോഡിൽ കുടുങ്ങിയ അപരിചിതർക്ക് ബൈക്കിൽ നിന്ന് പെട്രോൾ നൽകി സ്വിഗ്ഗി ഡെലിവറി ബോയ്- കൈയടി നേടിയ കനിവ്
കനിവിന്റെ കണങ്ങൾ നമുക്ക് ലോകത്തിന്റെ ഏതുമൂലയിലും കാണാൻ സാധിക്കും. സഹജീവികളോട് ദയവ് കാണിക്കാൻ സാധിക്കുന്നത് ചെറിയ കാര്യമല്ല. അതുകൊണ്ടുതന്നെ അങ്ങനെയുള്ളവർ ഹൃദയത്തിൽ ഇടംപിടിക്കും. അങ്ങനെയൊരു കനിവിന്റെ അനുഭവമാണ് മുംബൈയിൽ നിന്നും ശ്രദ്ധനേടുന്നത്.
അർദ്ധരാത്രിയിൽ റോഡിൽ കുടുങ്ങിയ യുവതിയ്ക്കും സഹോദരനും തുണയായത് സ്വിഗ്ഗി ഡെലിവറി ബോയ് ആണ്. മുംബൈ ആസ്ഥാനമായുള്ള സംഭവം അക്ഷിത ചംഗൻ ആണ് പങ്കുവെച്ചിരിക്കുന്നത്. ജനുവരിയിലുണ്ടായ സംഭവമാണ് അവർ പങ്കുവെച്ചിരിക്കുന്നത്. സഹോദരനോടൊപ്പം മുംബൈ നഗരത്തിൽ സഞ്ചരിക്കുമ്പോൾ അവരുടെ ബൈക്ക് ഇന്ധനം തീർന്ന് നിന്നുപോയി. 12:15 ആയിരുന്നു ആയപ്പോഴേക്കും.
‘യാത്രക്കാരില്ലാത്ത ഒരു നിശബ്ദ രാത്രി, ഒരു ഡെലിവറി ബോയ് തന്റെ മൊബൈൽ ഫോണിൽ ആഹാരം നൽകേണ്ട വിലാസം തിരയുന്നത് ഞങ്ങൾ കണ്ടെത്തുന്നതുവരെ സഹായത്തിനായി റോഡരികിൽ ഞാനും എന്റെ സഹോദരനും കാത്തിരിക്കുകയായിരുന്നു’ അക്ഷിത എഴുതി. അക്ഷിതയുടെ സഹോദരൻ ഡെലിവറി ബോയിയെ സമീപിച്ച് അവരുടെ ബൈക്ക് തള്ളാൻ സഹായിക്കാമോ എന്നുചോദിച്ചു. ‘സർ, ഞാൻ മറ്റൊരു വഴിക്ക് പോകുന്നു, എനിക്ക് ഡെലിവറിക്ക് വൈകാൻ കഴിയില്ല.’ എന്ന മറുപടിയാണ് ആദ്യം ലഭിച്ചത്. സമയാനുസൃതമായി ഡെലിവറി നടത്തിയില്ലെങ്കിൽ അത് അവരുടെ ജോലിയെ പ്രതികൂലമായി ബാധിക്കും.
Read Also: ലൊക്കേഷനിൽ നൃത്തവുമായി ‘ചക്കപ്പഴം’ താരങ്ങൾ- വിഡിയോ
പക്ഷെ അപ്പോൾ തന്നെ അദ്ദേഹം തന്റെ കയ്യിലെ വെള്ളംകുപ്പി കാലിയാക്കി അതിലേക്ക് സ്വന്തം വാഹനത്തിൽ നിന്നും പെട്രോൾ പകർന്ന് അക്ഷിതയ്ക്കും സഹോദരനും നൽകി. അടുത്ത പെട്രോൾ പമ്പ് വരെയെത്താൻ അവർക്ക് അതുമതിയാകുമായിരുന്നു. ‘അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ ആശ്ചര്യപ്പെടുത്തി, ഞങ്ങൾക്ക് അവൻ വേഷംമാറിയ ഒരു മാലാഖയായിരുന്നു, ഉപഭോക്താവിന് ഒരു പുഞ്ചിരി സമ്മാനിക്കാൻ പോകുന്ന ഒരു മനുഷ്യനായിരുന്നു, ജോലിസ്ഥലത്തേക്ക് പോകുമ്പോൾ അദ്ദേഹം ഞങ്ങളോട് ദയ കാണിച്ചു’- അക്ഷിത പറഞ്ഞു. തിരക്കിനിടയിൽ ആ ഡെലിവറി ബോയിയുടെ പേര് ചോദിക്കാൻ അക്ഷിത മറന്നില്ല. ‘റോഷൻ ദൽവി’ എന്നാണ് അദ്ദേഹത്തിന്റെ പേര്. റോഷൻ ഒരു ഡെലിവറിബോയിയുടെ വേഷം ധരിച്ച ഒരു മാലാഖയാണെന്ന് അക്ഷിത കുറിക്കുന്നു.
Story highlights- Swiggy delivery guy gives petrol from his bike to strangers